അയോധ്യ ക്ഷേത്രട്രസ്റ്റ് സിഇഒ മദ്യപിച്ച് നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളോ ഇത്? വാസ്തവമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേസിൽ ക്ഷേത്ര ജീവനക്കാരടക്കം എട്ടിലധികം പേർ അറസ്റ്റിലായി. വിശ്വ ഹിന്ദു പരിഷത്തിന്‍റെ പ്രമുഖ നേതാവും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയുമായിരുന്ന ചമ്പത് റായ് ചുമതലയിൽനിന്ന് മാറിനിൽക്കുകയും ചെയ്തു.

ക്ഷേത്ര ഭരണസംവിധാനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ കഴിഞ്ഞ ദിവസം ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സി.ഇ.ഒ ആയി നിയമിച്ചിരുന്നു. സിഇഒയെ തിരഞ്ഞെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു ഇത്. ഇതിനിടെ, ജിതേന്ദ്ര മിശ്രയുടേതെന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ‘ജിതേന്ദ്ര മിശ്ര പുതിയ നിയമനം ലഭിച്ച ശേഷം മദ്യപിച്ച് നൃത്തം ചെയ്ത് ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ’ എന്ന വാദത്തോടെയാണ് ഇത്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

മധ്യവയസ്കനായ ഒരാൾ തലയിൽ ഗ്ലാസ് വെച്ച് ബാലൻസ് ചെയ്തുകൊണ്ട് നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. ഇയാളെക്കൂടാതെ ഏതാനും പേരെയും ദൃശ്യങ്ങളിൽ കാണാം. പരിശോധനയിൽ, ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളെന്ന വാദത്തോടെ ഇതേ വീഡയോ പലരും ഫേസ്ബുക്കിലും എക്സിലും പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

ഇക്കഴിഞ്ഞ സെപ്തംബർ 2നായിരുന്നു ജിതേന്ദ്ര മിശ്രയെ സിഇഒ ആയി നിയമിച്ചത്. എന്നാൽ ഇതേ ദൃശ്യങ്ങൾ 2025 നവംബർ 3ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതായി വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. വികാസ് റാണ എന്ന അക്കൗണ്ടിൽ നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. തലയിൽ മദ്യ ഗ്ലാസ്സും വച്ച് ഡാൻസ് ചെയ്യുന്ന വ്യക്തിയുടെ വേറെയും വീഡിയോകൾ ഇയാൾ അക്കൗണ്ടിൽ ഉണ്ട്. വീഡിയോയിൽ കാണുന്ന വ്യക്തി റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്രയല്ല എന്ന് ഇരുവരുടെയും ചിത്രങ്ങൾ താരതമ്യം ചെയ്തതിൽ നിന്നും വ്യക്തമാണ്. ഇതിൽ നിന്നെല്ലാം പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

 
 
 
 
 
 
 
 
 
 
 
 
 
 
 
ചിത്രങ്ങൾ താരതമ്യം ചെയ്തത്.

Content Highlights: Viral video claims Ayodhya temple trust CEO Jitendra Mishra is drinking and dancing., Investigation reveals the person in the video is not Jitendra Mishra., The original video dates back to November 3, 2025, posted by Vikas Rana., Official appointment of Jitendra Mishra as CEO happened in September.