അബുദാബി കസ്റ്റംസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

അബുദാബി കസ്റ്റംസിൻ്റെ ലോഗോയും ഔദ്യോഗിക മുദ്രകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സന്ദേശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ച് വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോട്ടറി അടിച്ചിട്ടുണ്ടെന്നോ പാഴ്സലുകൾ തടഞ്ഞുവെച്ചിരിക്കുകയാണെന്നോ ഉള്ള തരത്തിൽ കസ്റ്റംസ് ക്ലിയറൻസിനായി പണമടയ്ക്കണമെന്നോ, വ്യക്തിഗത വിവരങ്ങൾ കൈമാറണമെന്നോ ആയിരിക്കും ഇതിൽ ആവശ്യപ്പെടുന്നത്. ഒരു ലിങ്ക് ഉൾപ്പെടെയാണിത്. എന്നാൽ ഇതൊരു വ്യാജസന്ദേശമാണെന്നതാണ് വാസ്തവം.
'ഒഫീഷ്യൽ കസ്റ്റംസ് ഹോൾഡ് നോട്ടീസ് - കസ്റ്റംസ് താരിഫ് ക്ലാസിഫിക്കേഷൻ റിക്വയർഡ്' എന്ന തലക്കെട്ടോടെയാണ് സന്ദേശം പ്രചരിക്കുന്നത്. ഈ സന്ദേശം വൈറലായതോടെ, പ്രചാരണം വ്യാജമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്ന നിർദ്ദേശവുമായി അബുദാബി കസ്റ്റംസ് അധികൃതരും രംഗത്തെത്തി.
പോസ്റ്റിൽ പറയുന്നത് -
“അബുദാബി കസ്റ്റംസിന്റേതെന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഇതിൽ “Official Customs Hold Notice – Customs Tariff Classification Required (Harmonized System)” എന്ന തലക്കെട്ടിലുള്ള വ്യാജ നോട്ടീസും ഉൾപ്പെടുന്നു. ഈ സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണ്, ഇവ അബുദാബി കസ്റ്റംസ് നൽകുന്ന ഔദ്യോഗിക അറിയിപ്പുകളല്ല. ഇത്തരത്തിലുള്ള സന്ദേശങ്ങളോട് പ്രതികരിക്കുകയോ, അവയിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കുവെക്കുകയോ, പണം നൽകുകയോ ചെയ്യരുതെന്ന് ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നു. ഏതെങ്കിലും നടപടി സ്വീകരിക്കുന്നതിന് മുമ്പ് സന്ദേശത്തിന്റെ ആധികാരികത അബുദാബി കസ്റ്റംസിന്റെ ഔദ്യോഗിക ചാനലുകൾ വഴി എപ്പോഴും ഉറപ്പുവരുത്തുക”എന്നാണ്. അധികൃതരിൽ നിന്നുള്ള സഹായങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 800 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Scammers are using the Abu Dhabi Customs logo to send fake lottery and parcel hold notices., Messages ask users to pay customs clearance fees or share personal details via a link., Abu Dhabi Customs has confirmed these messages are entirely fraudulent and urged public caution., Citizens can verify official information by calling the toll-free number 800 555.