‘പേവിഷബാധയേറ്റ കുട്ടി പൂച്ചയെപ്പോലെ കരയുന്നു’; വീഡിയോയുടെ യാഥാർത്ഥ്യമറിയാം | Fact Check

ചെറിയ പെൺകുട്ടി പൂച്ചയെപ്പോലെ കരയുകയും പെരുമാറുകയും ചെയ്യുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “പൂച്ച കടിച്ച് പേ വിഷബാധയേറ്റ പെൺകുട്ടി പൂച്ചയെ പോലെ കരയുന്ന ദയനീയ രംഗം. പട്ടിയേപ്പോലെ തന്നെ, പൂച്ചയിൽനിന്നും പേ വിഷബാധ ഏൽക്കാം. അതിനാൽ, പൂച്ചകൾക്കും പേ വിഷബാധക്ക് എതിരായുള്ള വാക്സിനേഷൻ എടുത്ത് മാത്രം വളർത്തുക... ഏറ്റവും ദുഖകരമായ കാര്യം, പേ വിഷബാധ ലക്ഷണങ്ങൾ മനുഷ്യരിൽ കാണിച്ചാൽ, ഒരിക്കലും അവരുടെ ജീവൻ രക്ഷിക്കാൻ സാധ്യമല്ല എന്നതാണ്...” വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം.
ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് ഒട്ടേറെപ്പേരാണ് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ് ലൈനുമായി ബന്ധപ്പെട്ടത്. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
പരിശോധനയിൽ ഇതേ വീഡിയോ കഴിഞ്ഞ ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ ഓഗസ്റ്റ് 21-ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ടും വിവരണവുമെല്ലാം ബംഗാളി ഭാഷയിലാണ്, കൂടാതെ വീഡിയോയിൽ കുട്ടിക്കൊപ്പം ഉള്ളവർ സംസാരിക്കുന്നതും ഇതേ ഭാഷയിലാണ്. വിശദമായ പരിശോധനയിൽ ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. അവിടുത്തെ മാധ്യമങ്ങൾ ഈ പെൺകുട്ടിയുടെ ചിത്രം സഹിതം വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബംഗാളി മാധ്യമമായ ഇത്തിഫാഗ് കഴിഞ്ഞ ഓഗസ്റ്റ് 24ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്- “ബംഗ്ലാദേശില കുഷ്തിയ ജില്ലയിലെ ഭെരാമരയിൽ വളർത്തു പൂച്ച മാന്തിയതിനെ തുടർന്ന് അഞ്ച് വയസ്സുള്ള ഒരു കുട്ടി വിചിത്രമായി പെരുമാറുന്നു എന്ന വാദത്തോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുട്ടിയുടെ അമ്മയുമായി സംസാരിച്ചതിൽനിന്നും, കുഞ്ഞിന് പാനിക്ക് അറ്റാക്ക് ഉണ്ടായതിനെ തുടർന്നാണ് അങ്ങനെ പെരുമാറിയതെന്നും അവൾക്ക് പേവിഷബാധ ഇല്ലെന്നും ഡോക്ടർ സ്ഥിരീകരിച്ചിരുന്നു” എന്നാണ്. ബിസിനസ്സ് ടൈം എന്ന മാധ്യമം നൽകിയ വാർത്തയിൽ പറയുന്നത്, ഭെരാമരയിലെ ബഹിർച്ചാർ 16 ഡാഗ് സ്വദേശിയായ ബാങ്കർ സബ്ബിർ ഹുസൈന്റെ മകളാണ് വീഡിയോയിൽ കാണുന്ന കുട്ടി എന്നാണ്.
കഴിഞ്ഞ മാർച്ചിലായിരുന്നു കുട്ടിയെ വളർത്തുപൂച്ച മാന്തിയത്. തുടർന്ന് കുട്ടിക്ക് ആൻറി റാബിസ് വാക്സിനും നൽകിയിരുന്നു. പിന്നീട് വിചിത്രമായ പെരുമാറ്റത്തെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 17ന് കുട്ടിയെ വീണ്ടും കുഷ്തിയ സദർ ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പെടുത്തു. കുട്ടിയെ ചികിത്സിച്ച കുഷ്തിയ സദർ ആശുപത്രിയിലെ റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ഇഖ്ബാൽ ഹുസൈന്‍റെ പ്രതികരണവും വാർത്തയിൽ നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയതായും റാബിസിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അസാധാരണമായ പെരുമാറ്റം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നുമില്ലെന്നും ഡോ. ഇഖ്ബാൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഭയം, ഉത്കണ്ഠ അല്ലെങ്കിൽ കടുത്ത മാനസിക സമ്മർദ്ദം എന്നിവയുടെ ഫലമായും അത്തരത്തിൽ പെരുമാറാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
മുൻപും സമാനതരത്തിൽ, ‘പേവിഷബാധയേറ്റതിനെ തുടർന്ന് മൃഗത്തെപ്പോലെ പെരുമാറുന്നു’ എന്ന വാദത്തോടെ ചില വീഡിയോകൾ പ്രചരിച്ചിട്ടുണ്ട്. ഇത്തരം വാദങ്ങൾ തെറ്റാണെന്നും അതിന്‍റെ ശാസ്ത്രീയ വശങ്ങൾ വിവരിച്ചും ന്യൂറളജിസ്റ്റ് ഡോ. രാഹുൽ ചാവ്ള കഴിഞ്ഞ ഏപ്രിൽ മാസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ചുവടെ നൽകുന്നു. “പേവിഷബാധ നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുമ്പോൾ തൊണ്ടയിലെ പേശികളിൽ സങ്കോചവും കഠിനമായ വേദനയും ഉണ്ടാകും. രോഗബാധിതനായ ഒരാൾക്ക് വെള്ളം പോലും കുടിക്കുന്നത് വളരെ വേദനാജനകമാകും. ഹൈഡ്രോഫോബിയ എന്നാണിതിനെ പറയുക.
ചിലപ്പോൾ രോഗിയുടെ തൊണ്ടയിലെയോ ശ്വാസനാളത്തിലെയോ പേശിപിടുത്തവും വേദനയും കാരണം അസാധാരണമായ ശബ്ദങ്ങൾ ഉണ്ടാക്കിയേക്കാം. എന്നിരുന്നാലും ഇത് മൃഗങ്ങളുടെപോലുള്ള ശബ്ദങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്, വ്യക്തികൾ ഇത്തരത്തിൽ മൃഗങ്ങളെപ്പോലെ പെരുമാറുന്നത് ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ തീവ്രമായ ഭയം മൂലമുണ്ടാകുന്ന ഡിസോസിയേറ്റീവ് പ്രതികരണം ആകാം” എന്നാണ് അദ്ദേഹം പറയുന്നത്.
Content Highlights: Viral video of a child crying like a cat due to rabies is completely false., The incident actually occurred in Bangladesh, where doctors confirmed the child suffered a panic attack, not rabies., Neurologists explain that unusual behavior or animal-like sounds are often linked to neurological disorders or severe anxiety, not rabies.