കോൺഗ്രസ് ചിഹ്നം തൂത്തുവാരിക്കളയുന്ന വീഡിയോയുടെ യാഥാർത്ഥ്യമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

തറയിൽ നിറങ്ങൾകൊണ്ട് തീർത്ത കോൺഗ്രസ് പാർട്ടി ചിഹ്നം ഒരു സ്ത്രീ ചൂലുകൊണ്ട് തൂത്തുവാരി മാറ്റുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'സ്വച്ഛ് ഭാരത് അഭിയാനിൽ ആവേശത്തോടെ പങ്കുചേർന്ന സഹോദരി' എന്ന പരിഹാസ രൂപേണയുള്ള കുറിപ്പോടെയാണ് വീഡിയോ പങ്കുവെക്കപ്പെടുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയ്നുകളെടുത്ത് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തതിൽ നിന്നും ജാഗരൺ ന്യൂസ് 2021 ഒക്ടോബർ 4-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടെത്താനായി. പ്രിയങ്ക ഗാന്ധിയെക്കുറിച്ചുള്ള വാർത്തയ്‌ക്കൊപ്പമാണ് ഈ വീഡിയോ നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ സൂക്ഷമായി പരിശോധിച്ചാൽ ഇത് പ്രിയങ്കയാണെന്ന് വ്യക്തമാകും. 2021 ഒക്ടോബറിൽ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിടത്തേക്ക് പ്രതിഷേധിക്കാൻ പോയ പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞുവെച്ചിരുന്നു.

അന്ന് പ്രിയങ്കയെ പാർപ്പിച്ച സിതാപുരിലെ പി.എ.സി (PAC) സെക്കൻഡ് ബറ്റാലിയൻ ഗസ്റ്റ് ഹൗസിലെ മുറി പൊടിപിടുച്ചു കിടന്നതിനെ തുടർന്ന് അവർ തൂത്തുവാരി വൃത്തിയാക്കി. അതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. 2021 ഒക്ടോബർ 4-ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ, വൈറൽ വീഡിയോയിൽ കാണുന്നതുപോലെ മുറിക്കകത്ത് തറയിൽ കോൺഗ്രസ് പാർട്ടി ചിഹ്നം ഇല്ല. പഴയ ദൃശ്യങ്ങളിൽ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്ത് പാർട്ടി ചിഹ്നം കൂട്ടിച്ചേർത്താണ് വൈറൽ വീഡിയോ നിർമ്മിച്ചിരിക്കുന്നത് വ്യക്തമായി.

വാസ്തവം

പ്രചരിക്കുന്ന വീഡിയോ ഡിജിറ്റലി മാനിപ്പുലേറ്റഡാണ്. 2021-ൽ ലഖിംപുർ ഖേരിയിലേക്ക് പ്രതിഷേധിക്കാൻ പോയ പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞ് സിതാപുരിലെ പി.എ.സി സെക്കൻഡ് ബറ്റാലിയൻ ഗസ്റ്റ് ഹൗസ് മുറിയിൽ താമസിപ്പിച്ചിരുന്നു. പൊടിപിടിച്ചു കിടന്ന ആ സ്ഥലം പ്രയങ്ക തൂത്തുവാരി വൃത്തിയാക്കിയതിന്‍റെ ദൃശ്യങ്ങളാണ് മാനിപ്പുലേറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: A viral video shows a woman sweeping a Congress party symbol drawn on the floor., Mathrubhumi Fact Check found the video to be digitally manipulated., The original footage is from October 2021, showing Priyanka Gandhi cleaning her detained room in Sitapur guest house., No Congress symbol existed in the original video; it was added digitally.