കോൺഗ്രസ് പ്രവർത്തകൻ വനിതാ പോലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങളോ ഇത്? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ക്രൂരമായാണ് ഡൽഹി പോലീസും കേന്ദ്ര സേനയും നേരിട്ടത്. സമരത്തിനിടെ പോലീസ് കയ്യേറ്റം ചെയ്തെന്ന എൻ.എസ്.യു.ഐ പ്രവർത്തകയും മലയാളിയുമായ ആതിര വിജയന്‍റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് സീറോ എഫ്ഐആറിട്ട് കേസെടുത്തിട്ടുണ്ട്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഇതിനിടെ കോൺഗ്രസ് പ്രവർത്തകൻ ഡൽഹി പോലീസിലെ വനിതാ ഉദ്യോഗസ്ഥയെ ആക്രമിച്ചു എന്ന ആരോപണത്തോടെയൊരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർഥ്യം.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

പ്രതിഷേധക്കാരെ കയറ്റിയ ബസ്സിനകത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വെറും പതിനാറ് സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ പോലീസുകാരി വെള്ള വസ്ത്രം ധരിച്ചൊരാളെ പിടിച്ചുകൊണ്ടു വരുന്നതും ആ വ്യക്തി പ്രതിരോധിക്കുന്നതും ഇരുവരും മുടി പിടിച്ചു വലിക്കുന്നതും കാണാം, ഈ വ്യക്തിയുടെ മുഖം പക്ഷെ കാണിക്കുന്നുമില്ല. ഈ ദൃശ്യങ്ങൾ ആദ്യമായി കാണുന്ന ഒരാൾ പോസ്റ്റിൽ പറയുന്ന ആരോപണം സത്യമാണെന്ന് കരുതും. എന്നാൽ ഇതിന്‍റെ യാഥാർത്ഥ്യം മറ്റൊന്നാണ്.

കോൺഗ്രസ് യുവജന സംഘടനയായ എൻ.എസ്.യു.ഐയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13-ന് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന് സമീപം നടത്തിയ സമരത്തിനിടെ പല പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടികൂടിയവരെ കയറ്റിയ വണ്ടിയിൽനിന്നുള്ള ദൃശ്യങ്ങളാണിത്. വണ്ടിയുടെ പിൻവാതിൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ച എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി ഋതു ബറാലയെ പോലീസ് കോൺസ്റ്റബിൾ ചഞ്ചൽ‌ യാദവ് പിടികൂടി മർദിക്കുകയും ഇരുവരും തമ്മിൽ ബസ്സിനുള്ളിൽ വച്ച് ഏറ്റുമുട്ടുകയും ചെയ്തു.

വാർത്താ മാധ്യമങ്ങളെല്ലാം ഇത്  റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ബസ്സിനുള്ളിൽ നടന്ന സംഭവത്തിന്‍റെ ദൈർഘ്യമുള്ള ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രചരിക്കുന്ന വീഡിയോയിലുള്ള അതേ പോലീസുകാരിയാണ് ഋതു ബറാലയുമായി ഏറ്റുമുട്ടുന്നതെന്ന് കാണാം. ദൃശ്യങ്ങളിൽ ഋതുവിന്‍റെ മുഖം വ്യക്തമാണ്. ഈ സംഭവം നടന്ന് തൊട്ടടുത്ത ദിവസം പോലീസ് അതിക്രമം നേരിട്ടവരെ ഉൾപ്പെടുത്തി രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലും ഋതു ബറാല പങ്കെടുത്തിരുന്നു. പോലീസിൽനിന്ന് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അവർ ഇതിൽ വിവരിക്കുന്നുണ്ട്.

കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ കൊണ്ടുപോയ ബസിനുള്ളിൽ എൻ.എസ്.യു.ഐ പ്രവർത്തകയും വനിതാ പോലീസ് ഉദ്യോഗസ്ഥയും തമ്മിൽ ഉണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങളിൽ നിന്നുള്ള ചെറിയൊരു ഭാഗമാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

Content Highlights: A viral video falsely claims a Congress worker attacked a woman police officer in Delhi., The footage actually shows an altercation inside a police bus between NSUI National Secretary Ritu Barala and woman constable Chanchal Yadav., The incident occurred during an NSUI protest near Rajiv Chowk Metro Station on October 13., Longer video footage and media reports confirm the woman involved is Ritu Barala, who later spoke about police brutality at a press conference.