പൊതുമേഖല ബാങ്കുകൾക്ക് കേന്ദ്രസർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചോ?

#ഷിബിന വാസുദേവൻ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉൾപ്പെടെയുള്ള എല്ലാ പൊതുമേഖലാ ബാങ്കുകൾകളും ഇനിമുതൽ ശനിയാഴ്ച അവധിയായിരിക്കും എന്ന വാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കി എന്ന വാദത്തോടെ അതിന്‍റെ ചിത്രം ഉൾപ്പടെയാണ് പ്രചരിപ്പിക്കുന്നത്. “1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (Section 25) പ്രകാരം എല്ലാ ശനിയാഴ്ചകളും ബാങ്ക് അവധി നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി” എന്നാണ് ഇതിൽ അവകാശപ്പെടുന്നത്. എന്നാൽ, ഈ അവകാശവാദവും തെളിവായി കാണിക്കുന്ന ഗസറ്റ് രേഖയും പൂർണ്ണമായും വ്യാജമാണെന്നും അങ്ങനെയൊരു ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്നും വസ്തുതാ പരിശോധനയിൽ വ്യക്തമായി.

പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് അന്വേഷണം

കേന്ദ്ര സർക്കാറിന്റെ ഇ-ഗസറ്റ് (e-Gazette) പോർട്ടൽ, കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും പരിശോധിച്ചതിൽ നിന്നും ഇത്തരമൊരു വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ലെന്ന് കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ ഒക്ടോബർ 1-ന് കേന്ദ്രസർക്കാറിൻ്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഈ പ്രചരണം വ്യാജമാണെന്ന് ഔദ്യോഗികമായി അറിയിച്ചതായും കണ്ടെത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) 2015 ഓഗസ്റ്റിലെ ഉത്തരവ് പ്രകാരം മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ മാത്രമാണ് പൊതുമേഖലാ ബാങ്കുകൾക്ക് അവധിയായി നിശ്ചയിച്ചിട്ടുള്ളത്. മറ്റ് ശനിയാഴ്ചകളിൽ ബാങ്കുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിംഗ് (Five-day banking) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് സർക്കാറിന്റെ പരിശോധനയിലുമാണ്. കേന്ദ്ര ധനമന്ത്രാലയമോ, റിസർവ് ബാങ്കോ ഇതുവരെ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇതിൽ നിന്നും വ്യാജ ഗസറ്റ് രേഖ നിർമ്മിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.

വാസ്തവം

കേന്ദ്ര സർക്കാർ എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു എന്ന പ്രചാരണം വ്യാജമാണ്. നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ മാത്രമാണ് ബാങ്കുകൾക്ക് അവധിയുള്ളത്.

Content Highlights: Claims that the central government declared all Saturdays as bank holidays are entirely false., The viral gazette notification and social media messages are fake., Only the second and fourth Saturdays of every month are currently bank holidays as per RBI guidelines., The 5-day banking demand by union UFBU is still under government review and not yet approved.