മുതിർന്ന ആർഎസ്എസ് പ്രചാരകൻ കെ. പുരുഷോത്തമൻ അന്തരിച്ചു

കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുൻ മാനേജിങ് ഡയറക്ടറും മത്സ്യപ്രവർത്തക സംഘം മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ ആനിക്കാട് കൊടിമറ്റത്ത് കെ. പുരുഷോത്തമൻ (74) അന്തരിച്ചു. എറണാകുളം സുധീന്ദ്ര ആശുപത്രിയിൽ പുലർച്ചെ രണ്ടോടെയായിരുന്നു മരണം. ദീർഘകാലം പ്രവർത്തനകേന്ദ്രമാക്കിയിരുന്ന ആർഎസ്എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവ നിവാസിൽ ശനിയാഴ്ച ഒൻപതു മുതൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് അഞ്ചിന് പച്ചാളം പൊതുശ്മശാനത്തിൽ.
1959-ൽ ആർഎസ്എസ് പ്രവർത്തകനായ അദ്ദേഹം 1967-ൽ പ്രചാരകനായി. കൊടുങ്ങല്ലൂർ, തലശ്ശേരി, പരവൂർ, ഇരിങ്ങാലക്കുട കണ്ണൂർ എന്നിവിടങ്ങളിൽ അഞ്ചരപ്പതിറ്റാണ്ട് പ്രചാരകനായി പ്രവർത്തിച്ചു. 1984-ൽ കണ്ണൂർ വിഭാഗ് പ്രചാരകായി. തുടർന്ന് പാലക്കാട്, എറണാകുളം, ശബരിഗിരി, കോഴിക്കോട് വിഭാഗുകളിൽ പ്രചാരകായി. തുടർന്ന് ആർഎസ്എസ് സംസ്ഥാന കാര്യാലയ പ്രമുഖായി. 2003-ൽ ജന്മഭൂമി മാനേജിങ് ഡയറക്ടറായി. 2007 മുതൽ 15 വർഷം മത്സ്യപ്രവർത്തക സംഘം സംസ്ഥാന സംഘടനാസെക്രട്ടറിയായിരുന്നു .
കോട്ടയം ആനിക്കാട് കൊടിമറ്റത്ത് വെങ്ങാലൂർ കേശവൻ നായരുടെയും ആനിക്കാട് കല്ലൂർ കുടുംബാംഗം പാർവതിയമ്മയുടെയും മകനായി 1950 ജനുവരി ഒന്നിനാണ് ജനനം. വർഷങ്ങൾക്ക് മുമ്പ് കുടുംബം കണ്ണൂർ പയ്യന്നൂർ ചെറുപുഴയിലേക്കും പിന്നീട് കാസർക്കോട് ജില്ലയിയിലെ കമ്പല്ലൂരിലേക്കും താമസം മാറ്റിയിരുന്നു. സഹോദരങ്ങൾ: ഓമന കെ.കെ, ഗോപകുമാർ.കെ.കെ, വിനയകുമാർ കെ.കെ, വിനോദ്കുമാർ കെ.കെ (സീനിയർ സൂപ്രണ്ട് കെഎസ്ഇബി കാസർകോട്) ഗീതാകുമാരി കെ.കെ., ഉഷാകുമാരി, കെ.കെ.
Content Highlights: K. Purushothaman passed away