വൈറ്റില ഹബ്ബിൽ ലോക എയ്ഡ്സ് ദിനാചരണം

വൈറ്റില: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കളമശ്ശേരി രാജഗിരി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ വൈറ്റില ഹബ്ബിൽ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.
‘എയ്ഡ്സ് അവസാനിപ്പിക്കൽ ആരംഭിക്കുന്നത് ലഭ്യതയിലൂടെ’ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. വാർഡ് കൗൺസിലർ വി.പി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈറ്റില ഹബ് സെക്യൂരിറ്റി ജീവനക്കാരുടെ പ്രതിനിധിക്ക് റെഡ് റിബൺ അണിയിച്ചുകൊണ്ട് രാജഗിരി ഔട്ട് റീച്ച് പ്രോജക്ട് ഡയറക്ടർ മീന കുരുവിള എയ്ഡ്സ് ദിന സന്ദേശം നൽകി.
ഡോ. ആദർശ് എച്ച്.ഐ.വി./എയ്ഡ്സ് പ്രതിരോധത്തെക്കുറിച്ച് ബോധവത്കരണ സന്ദേശം നൽകി. പ്രോജക്ട് മാനേജർ സൗമ്യ എൻ.ബി., പ്രോജക്ട് കൗൺസിലർ സ്റ്റെനി പി.എസ്. എന്നിവർ സംസാരിച്ചു.
മഹാരാജാസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ഫ്ലാഷ് മോബ്, ആരോഗ്യ ബോധവത്കരണ ക്ലാസ്, മെഴുകുതിരി തെളിക്കൽ, ആരോഗ്യ ക്യാമ്പ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
എച്ച്.ഐ.വി./എയ്ഡ്സിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, രോഗബാധിതരോടുള്ള വിവേചനവും സാമൂഹിക ഒറ്റപ്പെടുത്തലും അവസാനിപ്പിക്കുക, അവർക്ക് പിന്തുണയും കരുതലും ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
പ്രോജക്ട് ടീം അംഗങ്ങളായ നർഗീസ്, സ്നേഹ, ഫ്രെഡി, ഐശ്വര്യ എന്നിവരും പിയർ ലീഡർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Rajagiri Suraksha Migrant Project organized World AIDS Day awareness programs including a flash mob and health camp at Vyttila Hub.