ഭഗത്കൃഷ്ണയ്ക്ക് കൈത്താങ്ങായി പെരുമ്പടന്ന നിവാസികൾ

പെരുമ്പടന്ന നിവാസികള്‍ സ്‌നേഹസ്പര്‍ശം 2026 ലൂടെ സ്വരൂപിച്ച തുക ഭഗത്കൃഷ്ണയുടെ കുടുംബത്തിന് കൈമാറുന്നു
പെരുമ്പടന്ന നിവാസികള്‍ സ്‌നേഹസ്പര്‍ശം 2026 ലൂടെ സ്വരൂപിച്ച തുക ഭഗത്കൃഷ്ണയുടെ കുടുംബത്തിന് കൈമാറുന്നു

പറവൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെരുമ്പടന്ന സ്വദേശി ഭഗത്കൃഷ്ണയ്ക്ക് കൈത്താങ്ങായി പെരുമ്പടന്ന നിവാസികൾ. മാല്യങ്കര എസ്.എൻ.എം. കോളേജ് വിദ്യാർഥിയായ ഭഗത്കൃഷ്ണ സുഹൃത്തുമൊത്ത് യാത്ര ചെയ്യുമ്പോഴാണ് അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായത്. അപകടത്തിൽ സുഹൃത്ത് മരണപ്പെട്ടിരുന്നു. നിർധന കുടുംബാംഗമായതിനാൽ ഭാരിച്ച ചികിത്സാചെലവ് താങ്ങാനാകാത്ത ഘട്ടത്തിലാണ് പെരുമ്പടന്നയിലെ കൂട്ടായ്മയായ സ്‌നേഹസ്പർശം 2026 സഹായഹസ്തവുമായി രംഗത്തിറങ്ങിയത്. മുഖ്യമന്ത്രി വി.ഡി. സതീശനും മുൻ മന്ത്രി എസ്. ശർമയും രക്ഷാധികാരികളും വാർഡ് മെംബർ വീണ അശ്വിൻകുമാർ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

നടനും ഗായകനുമായ വിനോദ് കെടാമംഗലത്തിന്റെ നേതൃത്വത്തിൽ നൂറോളം കലാകാരൻമാർ ശനിയാഴ്ച രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതു വരെ പെരുമ്പടന്ന കവലയിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീനാ സജീവ് ഉദ്ഘാടനം ചെയ്തു. നൂറിൽപ്പരം വൊളന്റിയർമാർ സുമനസ്സുകളിൽനിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഒത്തുചേർന്നതും ഉദ്യമം വിജയിക്കുന്നതിന് സഹായകരമായി. സ്വരൂപിച്ച തുക ഭഗത്കൃഷ്ണയുടെ വീട്ടുകാർ ഏറ്റുവാങ്ങി. പെരുമ്പടന്ന കവലയിൽ സ്‌നേഹസ്പർശം 2026-ലൂടെ തുടർച്ചയായി ഇത് അഞ്ചാമത്തെ രോഗിക്കാണ് ആശ്വാസം പകർന്നത്.

നഗരസഭാ കൗൺസിലർ കെ. രാമചന്ദ്രൻ, ഏഴിക്കര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. രതീഷ്, വി.എസ്. ബോബൻ, സുധീഷ് തോപ്പിൽ, തുമ്പി കുമാരൻ, പ്രസാദ് കല്ലുചിറ, കണ്ണൻ പെരുമ്പടന്ന, ടി.എസ്. ചന്ദ്രൻ, മഞ്ജുള ചന്ദ്രകുമാർ എന്നിവർ സ്‌നേഹസ്പർശം 2026-ന് നേതൃത്വം നൽകി.

Content Highlights: Perumpadanna residents and artists united under the Snehaparsham banner to raise funds for bike accident victim Bhagathkrishna's medical treatment in Paravur.