നവീകരിച്ച കച്ചേരി മൈതാനത്തിന് പോരായ്മകൾ ഏറെ

ചെറായി : പള്ളിപ്പുറം കച്ചേരി മൈതാനം ലക്ഷങ്ങൾ മുടക്കി നവീകരിച്ചെങ്കിലും മൈതാനത്ത് വേണ്ട മറ്റ് സൗകര്യങ്ങളൊന്നും ഇതുവരെ ആയിട്ടില്ല.
രാത്രിസമയങ്ങളിൽ കളിക്കാൻ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം. ഇതോടൊപ്പം യുവാക്കൾക്കും മുതിർന്നവർക്കും വേണ്ടി ഒരു മിനി ജിം സ്ഥാപിക്കണം. പന്ത് പുറത്തേക്ക് പോകാതിരിക്കാൻ മൈതാനത്തിന്റെ ചുറ്റുഭാഗത്തും ഉയരത്തിൽ വല കെട്ടണം. കൂടാതെ മൈതാനത്തിന് കിഴക്ക് ഭാഗത്ത് അയക്കോട്ടയ്ക്കു മുന്നിൽനിന്ന് മഞ്ഞുമാതാ ബസിലിക്ക വരെ വാക്വേയും അതിനോടു ചേർന്ന് ഒരു പാർക്കും നിർമിക്കണമെന്ന് അയക്കോട്ട റെസിഡെൻസ് അസോസിയേഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഇത് സഫലമായാൽ പ്രദേശത്തുള്ള കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും വൈകുന്നേരങ്ങളിൽ ഒത്തുചേരാനും വിശ്രമിക്കാനും പറ്റിയ വിനോദ കേന്ദ്രമായി മാറും. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധവേണമെന്ന് അയക്കോട്ട റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
മൈതാനം നവീകരിച്ചതോടെ നിരവധി ഫുട്ബോൾ പ്രേമികൾ ഇവിടെ കളിക്കാൻ എത്താറുണ്ട്. അയക്കോട്ട റെസിഡെൻസ് അസോസിയേഷനാണ് നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ എം.എൽ.എ.യുടെയും ഇപ്പോഴത്തെ എം.എൽ.എ.യുടെയും ശ്രദ്ധയിൽ കൊണ്ടുവന്നത്.