കരുമാല്ലൂരിലെ പൊക്കാളിപ്പാടങ്ങൾ വീണ്ടും തരിശായി

കരുമാല്ലൂർ : ഒരിടവേളയ്ക്കുശേഷം ഉയിർത്തെഴുന്നേറ്റെങ്കിലും കരുമാല്ലൂരിലെ പൊക്കാളിപ്പാടങ്ങൾ വീണ്ടും തരിശായി. പൊക്കാളികൃഷിയെ പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പ് താത്പര്യമെടുക്കാത്തതുകൊണ്ട് ഇവിടെ വെറുതേകിടക്കുന്നത് ഏക്കർകണക്കിന് പൊക്കാളിപ്പാടങ്ങളാണെന്ന് കർഷകർ പറയുന്നു.
ആയിരമേക്കറോളം നെൽകൃഷി ചെയ്യുന്ന പഞ്ചായത്തിലാണ് പൊക്കാളിയുടെ ഒരു നാമ്പുപോലും മുളയ്ക്കാത്തത്. അതിനുള്ള സൗകര്യങ്ങളില്ലാഞ്ഞിട്ടല്ല. കരുമാല്ലൂർ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ ഈ കൃഷിക്ക് ഏറെ അനുകൂലമാണ്. കായലിൽനിന്നുള്ള ഓരുവെള്ളം കയറിവരുന്ന തത്തപ്പിള്ളിപ്പുഴയുടെ നല്ലൊരുഭാഗം കരുമാല്ലൂർ പഞ്ചായത്തിന്റെ അതിർത്തിപിടിച്ചാണ് ഒഴുകുന്നത്. അതുകൊണ്ടാണ് വർഷങ്ങൾക്കുമുൻപ് ഇവിടേയും പൊക്കാളി സമൃദ്ധമായി വിളഞ്ഞിരുന്നത്. ഒരു സീസണിൽ പൊക്കാളിയും അതുകഴിഞ്ഞാൽ മത്സ്യകൃഷിയും അങ്ങനെ തുടർന്നുപോന്നിരുന്നതാണ്. ഇവിടെ റിസോർട്ടും മറ്റും കണ്ണുവെച്ച് ഭൂമാഫിയ പൊക്കാളിപ്പാടങ്ങൾ വാങ്ങിക്കൂട്ടി. അതോടെ പൊക്കാളികൃഷി ഇല്ലാതായി. മത്സ്യകൃഷി മാത്രമായി. തീരസംരക്ഷണ പരിധിയിൽപ്പെടുന്നതിനാൽ റിസോർട്ടുകൾപോലുള്ള പദ്ധതി ഉപേക്ഷിക്കപ്പെട്ടു. അങ്ങനെയാണ് പൊക്കാളി തീരെ നിന്നുപോയത്. അടുത്തകാലത്ത് കുറച്ചുകർഷകർ പൊക്കാളിക്ക് വീണ്ടും തുടക്കമിട്ടിരുന്നു. പക്ഷേ, രണ്ടുവർഷം മാത്രമേ അത് തുടർന്നുപോന്നുള്ളൂ. നഷ്ടമെന്നുപറഞ്ഞ് അവരും പിൻമാറി. ഇപ്പോൾ ആ പാടങ്ങളിലെല്ലാം മത്സ്യകൃഷിപോലുമില്ലാതെ തരിശായിക്കിടക്കുകയാണ്. മനയ്ക്കപ്പടി തോപ്പിൽകടവ്, ആനച്ചാൽ, പുതുക്കാട്, ചെട്ടിക്കാട്, കൈപ്പെട്ടി ഭാഗങ്ങളിലെല്ലാം ഇനിയും പൊക്കാളികൃഷി തിരികെ കൊണ്ടുവരാം.
കൃഷി ഓഫീസർക്ക് അപേക്ഷ നൽകി
കരുമാല്ലൂർ പുതുക്കാട് പ്രദേശത്ത് പൊക്കാളികൃഷി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കരുമാല്ലൂർ വെസ്റ്റ് ഏരിയ പ്രസിഡന്റ് ഷിബു തൈത്തറ കരുമാല്ലൂർ കൃഷി ഓഫീസർക്ക് അപേക്ഷ നൽകി. തൈത്തറക്കടവ് ഭാഗത്ത് റീ-സർവേ കഴിഞ്ഞപ്പോൾ 75 സെന്റോളം പാടം കൂടുതലായി കാണപ്പെട്ടിട്ടുണ്ട്. ഇത് കൃഷിവകുപ്പ് ഏറ്റെടുത്ത് കൃഷി ആരംഭിച്ചാൽ പ്രദേശത്തെ മറ്റുള്ള കർഷകർക്ക് അത് പ്രചോദനമാകും. അതോടെ പ്രദേശത്ത് പൊക്കാളികൃഷി സജീവമാക്കാൻ കഴിയുമെന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.