ആലങ്ങാട് പോലീസ് സ്റ്റേഷൻ തിരുവാല്ലൂരിലേക്കോ, കാരുചിറയിലേക്കോ

കരുമാല്ലൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആലങ്ങാട് പോലീസ് സ്റ്റേഷൻ മാറ്റാൻ ശ്രമം നടത്തുന്നതിനിടെ അത് എങ്ങോട്ട് എന്നതിൽ ആശയക്കുഴപ്പം. ആലങ്ങാട് പഞ്ചായത്തിലെ തിരുവാല്ലൂരിലേക്ക് മാറ്റിസ്ഥാപിക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ഇപ്പോൾ കരുമാല്ലൂർ പഞ്ചായത്തിലെ കാരുചിറയിലേക്ക് നീക്കിയേക്കും.
ആലുവ, പറവൂർ, ബിനാനിപുരം പോലീസ് സ്റ്റേഷനുകൾ വിഭജിച്ചാണ് 2010-ൽ ആലങ്ങാട് കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. അന്ന് അഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനംചെയ്തത്.
പോലീസ് സ്റ്റേഷന് അനുമതിയായെങ്കിലും അതിനുള്ള കെട്ടിടമായിരുന്നു അന്നും പ്രശ്നം. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് ഒരു കെട്ടിടം താത്കാലികമായി അനുവദിക്കുകയായിരുന്നു. ഇതുവരെ അവിടെതന്നെ പ്രവർത്തിച്ചു. പക്ഷേ ഒരു പോലീസ് സ്റ്റേഷഷന്റേതായ സൗകര്യമൊന്നും ഈ കെട്ടിടത്തിലില്ല. പ്രതികളെ സൂക്ഷിക്കാനോ പോലീസുകാർക്ക് വിശ്രമിക്കാനോ സൗകര്യമില്ല.
കെട്ടിടത്തിന്റെ പുറത്ത് ഒരു ചാർത്തെടുത്താണ് ഇപ്പോൾ പോലീസുകാർ വിശ്രമിക്കുന്നത്. കേസുകളിൽപ്പെടുന്ന വാഹനങ്ങൾ സൂക്ഷിക്കാനും ഇടമില്ല. വലിയ വണ്ടികൾവരെ ബ്ലോക്ക് റോഡിലേക്കാണിടുന്നത്. ഇത് ഇവിടെ ഗതാഗത തടസ്സമുണ്ടാക്കുന്നുമുണ്ട്. ഇതുകൊണ്ടൊക്കെയാണ് സ്റ്റേഷൻ അവിടെനിന്നും മാറ്റണമെന്ന ആവശ്യമുയർന്നത്. ആലങ്ങാട് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന തിരുവാല്ലൂരിലെ പഴയ കെട്ടിടമാണ് ആദ്യം നോട്ടമിട്ടത്. ഇതിന് റവന്യൂവകുപ്പിന്റെ അനുമതിതേടിയിട്ടുണ്ടെന്നും സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി വി.ഇ. അബ്ദുൽഗഫൂർ അറിയിച്ചിരുന്നു.
തിരുവാല്ലൂരിൽ പഴയ കെട്ടിടം പൊളിച്ച് സൗകര്യമുള്ള കെട്ടിടം നിർമിച്ചാൽ സ്റ്റേഷന്റെ പ്രവർത്തനത്തിന് അനുയോജ്യമാണ്. പക്ഷേ, സ്റ്റേഷന്റെ പ്രവർത്തനപരിധിവെച്ചുനോക്കുമ്പോൾ മറ്റുപ്രദേശങ്ങളിലുള്ളവർക്ക് വന്നുപോകുന്നത് അസൗകര്യമുണ്ട്. അതുകൊണ്ടാണ് ആലുവ പറവൂർ റോഡിൽ കാരുചിറയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അലോചിക്കുന്നത്.
ഇതേക്കുറിച്ച് കരുമാല്ലൂർ പഞ്ചായത്ത് അധികൃതരും പോലീസ് അധികാരികളും ചർച്ചചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. ആലങ്ങാട് സ്റ്റേഷന്റെ കൂടുതലും പ്രവർത്തനപരിധിയിൽ വരുന്നത് കരുമാല്ലൂർ പഞ്ചായത്തിന്റെ ഭാഗങ്ങളാണ്. മാഞ്ഞാലി മുതൽ വെളിയത്തുനാടുവരെയെല്ലാം ഈ സ്റ്റേഷൻപരിധിയിലാണ്. ആലങ്ങാട് പഞ്ചായത്തിന്റെ ഏകദേശം പകുതിമാത്രമേ ഇപ്പോഴും ആലങ്ങാട് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളൂ. ബാക്കിയെല്ലാം ഇപ്പോഴും ബിനാനിപുരം സ്റ്റേഷൻ പരിധിയിലാണ്. പക്ഷേ കാരുചിറയിൽ പുതിയ കെട്ടിടം നിർമിക്കണമെങ്കിൽ റവന്യൂവകുപ്പിന്റെ പ്രത്യേക അനുമതി നേടിയെടുക്കേണ്ടതുണ്ട്.
പേര് ആലങ്ങാട് സ്റ്റേഷൻ എന്നു തന്നെയാക്കും
:ഇപ്പോൾ ആലങ്ങാട് സ്റ്റേഷൻ എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും സർക്കാർ രേഖകളിൽ ഇതിന്റെ പേര് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ എന്നാണ്. ഇത് മാറ്റണമെന്ന് ഉദ്ഘാടനസമയത്തുതന്നെ അന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ. ഭാസ്കരൻ നിവേദനം നൽകിയിരുന്നതുമാണ്.
പരിഗണിക്കാമെന്ന് ഉദ്ഘാടകൻ ഉറപ്പുനൽകിയെങ്കിലും 15 വർഷംകഴിഞ്ഞിട്ടും നടപ്പായിട്ടില്ല. ഇപ്പോൾ അതിനുള്ള ശ്രമം വീണ്ടും ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുംവരെ ആശയക്കുഴപ്പമുണ്ടാകുന്ന വിധത്തിലാണ് ഇപ്പോൾ ആലുവ വെസ്റ്റ്, ഈസ്റ്റ് എന്നീ പേരുകളിൽ രണ്ട് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. ഇത് ആലങ്ങാട് സ്റ്റേഷൻ എന്നാക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്ന് മന്ത്രി വി.ഇ. അബ്ദുൽഗഫൂർ അറിയിച്ചിട്ടുണ്ട്.