പാലക്കുഴ ഉദയപ്പാറയിൽ മണ്ണെടുപ്പ് തടയാൻ രാത്രികാവൽ

കൂത്താട്ടുകുളം : പാലക്കുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ കാരമല ഉദയപ്പാറ ഭാഗത്ത് അമിത ലോഡ് മണ്ണ് കയറ്റുന്നത് തടയാൻ രാത്രിയിൽ കാവൽ തുടങ്ങി. പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. സുനിൽ, പഞ്ചായത്തംഗം ജെയ്സൺ, ബ്ലോക്ക് പഞ്ചായത്തംഗം ജെബോയി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഞായറാഴ്ച രാത്രിയിൽ സ്ഥലത്ത് ഒത്തുചേർന്ന് കാവൽ നിൽക്കുകയാണ്.
ചെറിയ ലോറിയിൽ 10 ടൺ മണ്ണ് കൊണ്ടുപോകുന്നതിനാണ് അനുമതിയുള്ളത്. എന്നാൽ വലിയ യന്ത്രസംവിധാനങ്ങൾ രാത്രിയിൽ സ്ഥലത്തെത്തിച്ച് 22 ടൺ കയറ്റാവുന്ന വലിയ ലോറികളും എത്തിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രാത്രിയിൽ ഒത്തുചേർന്നിരിക്കുന്നത്.
മണ്ണെടുപ്പ് നടത്തുന്ന സ്ഥലത്തോട് ചേർന്ന് ജലനിധി പദ്ധതിയുടെ ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്. മണ്ണ് കൂടുതലായി എടുത്താൽ ജലസംഭരണിക്ക് ഭീഷണിയാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പത്ത് ടണ്ണിന്റെ അനുമതി ഉപയോഗിച്ച് കൂടുതൽ അളവിൽ മണ്ണുകയറ്റുന്നത് തടയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. സുനിൽ കൂട്ടിച്ചേർത്തു.