കൂട്ടബലാത്സംഗക്കേസിൽ രണ്ടുപേർകൂടി പിടിയിൽ

കളമശ്ശേരി : കളമശ്ശേരിയിൽ യുവതിയെ ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെകൂടി കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിനി അമ്മു എന്ന് വിളിക്കുന്ന ശരണ്യ ശശി (30), തൃശ്ശൂർ പറപ്പൂക്കര സ്വദേശി സഞ്ജു എന്ന വി.എസ്. സഞ്ജയ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശരണ്യ രണ്ടാംപ്രതിയും സഞ്ജു നാലാം പ്രതിയുമാണ്.

ചൊവ്വാഴ്ച രാത്രി വയനാട് പുൽപ്പള്ളി താഴെയങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രതികളെ പുല്പള്ളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സബ് ഇൻസ്പെക്ടർ എം.സി. പവനന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

തുടർന്ന് കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതി കുനംതൈയിൽ സ്പാ നടത്തുന്ന ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30) മൂന്നാം പ്രതി കളമശ്ശേരി തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്ത ഇരുവരെയും പോലീസ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. സഞ്ജയ് യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഇവർ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

സ്പായിൽ ജോലിനൽകാമെന്നുപറഞ്ഞ് അഭിമുഖത്തിന് വിളിച്ച യുവതിയെ ലോഡ്ജിൽഎത്തിച്ച് ബലമായി മദ്യവും മയക്കുമരുന്നും നൽകിയശേഷമാണ് ബലാത്സംഗത്തിനിരയാക്കിയത്. ശരണ്യയും യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.