സുജിത് കപില അന്തരിച്ചു

കൊച്ചി : നാടക-സിനിമാ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും കപില കൊച്ചിയുടെ സ്ഥാപക ഡയറക്ടറുമായ സുജിത് കപില (51) അന്തരിച്ചു. കലൂർ പി.സി. റോഡ് 61-ലെ അനുപമയിൽ താമസിച്ചിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. അമെച്ചർ നാടകവേദിയിൽ സജീവ സാന്നിധ്യമായിരുന്ന സുജിത് കപില, ഹാംലറ്റ്, കനൽസാഗരം ഉൾപ്പെടെ നിരവധി നാടകങ്ങളുടെ സംവിധായകനാണ്. ബഹ്റൈൻ കേരളീയ സമാജത്തിന്റെ എന്റർടെയ്ൻമെന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം കടപ്പാക്കട കതളത്തുവീട്ടിൽ പരേതരായ സത്യപാലന്റെയും കോമളത്തിന്റെയും മകനാണ്. കൊല്ലം എസ്.എൻ. കോളേജിൽ ഡിഗ്രി പഠിച്ചശേഷം 1996-ൽ ഗ്രാഫിക് ഡിസൈനറായി ബഹ്റൈനിലെത്തി. അവിടെ 2000-ൽ 'അരങ്ങ്' നാടകകൂട്ടായ്മ തുടങ്ങി. കളിവിളക്ക്, എന്ന് സ്വന്തം, അവിചാരിതം തുടങ്ങിയ നാടകങ്ങൾ പ്രേക്ഷകരുടെ പ്രശംസ നേടി. 'ശത്രു' എന്ന റേഡിയോ നാടകത്തിന് 2009-ൽ പ്രവാസി ഭാരതീയ അവാർഡ് ലഭിച്ചു.
2011-ൽ പ്രവാസജീവിതം അവസാനിപ്പിച്ച് കൊച്ചിയിൽ താമസമാക്കി. ഇടയ്ക്ക് ലോകധർമി നാടക ഗവേഷണ കേന്ദ്രത്തിലും പ്രവർത്തിച്ചു. നാടകസംഘവും അഭിനയ പരിശീലന കേന്ദ്രവുമായ 'കപില കൊച്ചി' 2016 ലാണ് തുടങ്ങിയത്. 2019-ൽ പി.ജെ. ആന്റണി ഫൗണ്ടേഷന്റെ നാടക അവാർഡ് ലഭിച്ചു. സിനിമാ-നാടകരംഗത്തെ ഒട്ടനവധി പേർ ശിഷ്യരാണ്.
അൺടിൽ ഫിലിം, ബഷീറിന്റെ പ്രേമസുരഭിലം എന്നീ ഷോർട്ട് ഫിലിമുകൾ എടുത്തിട്ടുണ്ട്. പുതിയ സിനിമയുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ മുഴുകിയിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ഭാര്യ: സംഗീതാ സുജിത് (കൊച്ചി എഫ്.എം.). മൃതദേഹം വ്യാഴാഴ്ച രാവിലെ 10.30 മുതൽ കലൂരിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം വൈകീട്ട് 3.30-ന് പച്ചാളം പൊതുശ്മശാനത്തിൽ.