മാലിന്യം മാറ്റാതെ മേൽമൂടി നിർമാണം; കാലവർഷം തുടങ്ങിയാൽ കെണിയാകും

അരൂർ : വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം നീക്കാതെ കാനയ്ക്ക് മുകളിൽ മൂടി വാർക്കുന്ന ജോലികൾ ആരംഭിച്ചു. കാൽനടക്കാരുടെ ആവശ്യം പരിഗണിച്ച് ആരംഭിച്ച ജോലികൾ കാലവർഷാരംഭത്തിൽ കെണിയായേക്കും. മാലിന്യം ഒഴുകിപ്പോകാതെ വന്നാൽ ഇപ്പോൾ നിർമിക്കുന്ന മൂടികൾ മാറ്റുക അത്ര എളുപ്പമാവില്ല. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി അരൂർ-കുമ്പളം പാലത്തിന്റെ അരൂർ ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിൽ നിന്നും പുതുതായി തുറക്കുകയും പിന്നീട് താത്കാലികമായി അടയ്ക്കുകയും ചെയ്ത റോഡരികിലാണ് അശാസ്ത്രീയമായ നിർമാണം നടക്കുന്നത്.

മണക്കാട് റോഡിൽ നിന്നും അരൂർ ബൈപ്പാസ് ജങ്ഷനിലെ ദേശീയപാതയിലേക്ക് വരുന്ന ചെറിയ റോഡരികിലെ കാനയ്ക്കാണ് മേൽമൂടിയില്ലാത്തത്. ഇതേ റോഡിലേക്ക് ദേശീയപാതയിൽ നിന്നും വാഹനങ്ങൾ തിരിച്ചുവിടുന്നതിന് വഴിയൊരുക്കിയപ്പോഴാണ് മേൽമൂടിയില്ലാത്ത കാന കാൽനടക്കാർക്ക് കെണിയായതും.

ജനപ്രതിനിധികൾ ഇടപെട്ടതോടെയാണ് മേൽമൂടി നിർമാണം അടിയന്തരമായി ആരംഭിച്ചത്. കാനയ്ക്കുള്ളിലെ മാലിന്യം നീക്കിയശേഷം മേൽമൂടി നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.