മനക്കരുത്തിൽ കളംനിറഞ്ഞ് വീൽച്ചെയർ താരങ്ങൾ

അങ്കമാലി : അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ നടന്ന വീൽച്ചെയർ ബാസ്‌കറ്റ്‌ബോൾ താരങ്ങളുടെ മത്സരം ശ്രദ്ധേയമായി. ദേശീയതലത്തിൽ മത്സരിച്ചിട്ടുള്ള 12 താരങ്ങളാണ് ശനിയാഴ്ച വിശ്വജ്യോതി സ്‌കൂളിൽ മത്സരിക്കാനെത്തിയത്. ഭിന്നശേഷിക്കാരായ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ അസാമാന്യ മനോധൈര്യത്തെ ആദരിക്കുന്നതിനും വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.
ബാനു, സാദിക്, ഷിമിൻ, ബൈജു, പ്രദീപ്, അമൽ, അഖിൽ, രതീഷ്, ജാഫർ, റിൻസി, സതീഷ്, ബിന്ദു എന്നിവരാണ് വീൽച്ചെയർ ബാസ്‌കറ്റ്‌ബോൾ മത്സരത്തിൽ പങ്കെടുത്തത്. തൂഫാൻ, തണ്ടർ എന്നീ പേരുകളിൽ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരിച്ചത്. വാശിയേറിയ മത്സരത്തിൽ 11-8 എന്ന സ്‌കോറിൽ തൂഫാൻ ടീം വിജയിച്ചു. ദേശീയതലത്തിൽ മത്സരിച്ചിട്ടുള്ള ഈ താരങ്ങൾക്ക് സ്‌കൂളിന്റെ സ്‌നേഹോപഹാരം പ്രിൻസിപ്പൽ ഫാ. ജെയ്സൺ പരപ്പിള്ളി നൽകി.
അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ചിട്ടുള്ള അഖില കേരള ഇന്റർസ്‌കൂൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിന്റെ ഭാഗമായാണ് വീൽച്ചെയർ ബാസ്‌കറ്റ്‌ബോൾ താരങ്ങളുടെ മത്സരവും ഒരുക്കിയത്.