കൊഴിഞ്ഞുവീണത് അൻപത്‌ വർഷങ്ങൾ: ഓർമ്മകളുടെ മുറ്റത്ത് വീണ്ടുമൊരു ഒത്തുചേരൽ

പള്ളുരുത്തി : അൻപത് വർഷം മുൻപ് പഠിച്ചിറങ്ങിയ വിദ്യാലയത്തിലേക്ക് ഒരിക്കൽക്കൂടി അവർ കടന്നുവന്നു. വിദ്യാലയമുറ്റത്ത് ഓർമ്മകളുടെ തിരയിളക്കം. ഓർമ്മകൾ പങ്കുവയ്ക്കാൻ അവർക്കൊപ്പം അന്നത്തെ അധ്യാപികയും ചേർന്നു. പള്ളുരുത്തി എസ്.ഡി.പി.വൈ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് 1976-ൽ പഠിച്ചിറങ്ങിയ വിദ്യാർഥിനികളുടെ ഒത്തുചേരൽ വേറിട്ട കാഴ്ചയായി. കൂട്ടായ്മ ഒരുക്കുന്നതിന് കെ.ബി. ജയ നേതൃത്വം നൽകി.

'ശാരദാമ്മ ടീച്ചറായിരുന്നു അന്നത്തെ ക്ലാസ് ടീച്ചർ. ശാരീരിക പ്രശ്നങ്ങളുള്ളതിനാൽ ടീച്ചർക്ക് പങ്കെടുക്കാനായില്ല. അതാണ് സങ്കടം' -ജയ പറയുന്നു.

സ്കൂളിലെ അധ്യാപികയായിരുന്ന സി.കെ. രാജം കൂട്ടുകാരെയെല്ലാം ഒരുമിപ്പിക്കുന്നതിന് മുന്നിലുണ്ടായിരുന്നു. ഞായറാഴ്ച നടന്ന കൂട്ടായ്മ രാജം കെയ്‌ക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.