കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

പെരുമ്പാവൂർ : കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും യൂണിയൻ ദിനാഘോഷവും നടത്തി. സമ്മേളനം യൂണിയൻ പ്രസിഡന്റ് എൻ.എസ്.എസ്. എക്‌സിക്യുട്ടീവ് കൗൺസിൽ അംഗം അഡ്വ. കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി.
യൂണിയൻ സെക്രട്ടറി കെ. രാജഗോപാലൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പി. പ്രഭാകർ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, മഴുവന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, മഴുവന്നൂർ ഗ്രാമപ്പഞ്ചായത്ത് വാർഡ് മെംബർ എം.പി. റെജി, വനിതാ യൂണിയൻ പ്രസിഡന്റ് അഡ്വ. രേഖ സി. നായർ, പ്രോഗ്രാം ജനറൽ കൺവീനർ അനുരാഗ് പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിൽ മികച്ച കരയോഗമായി തിരഞ്ഞെടുത്ത എരുമേലി കരയോഗത്തിനും മികച്ച വനിതാ സമാജമായി തിരഞ്ഞെടുത്ത പുന്നോർകോട് വനിതാ സമാജത്തിനും മികച്ച ബാലസമാജമായി തിരഞ്ഞെടുത്ത തൃക്കേപ്പാറ മന്നം ബാലസമാജത്തിനും, മികച്ച കരയോഗം സെക്രട്ടറിയായി തിരഞ്ഞെടുത്ത പുല്ലുവഴി കരയോഗം സെക്രട്ടറി കെ. ഭാർഗവൻപിള്ളയ്ക്കും മികച്ച വനിതാ സമാജം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കുമ്മനോട് കരയോഗം വനിതാ സമാജം സെക്രട്ടറി മഞ്ജു ശശികുമാറിനും അവാർഡുകൾ വിതരണം ചെയ്തു.
തുടർന്ന് വിവിധ കരയോഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.