കനത്ത കാറ്റിൽ ഓടയ്ക്കാലി സ്‌കൂളിലെ ഓഡിറ്റോറിയം തകർന്നു

ഓടയ്ക്കാലി : ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയുണ്ടായ കനത്ത കാറ്റിൽ ഓടയ്ക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഡിറ്റോറിയം തകർന്നു. സ്‌കൂൾ അങ്കണത്തിൽ 500 ഓളം പേർക്ക് ഇരിക്കാവുന്ന വിധത്തിൽ ട്രസ് വർക്ക് ചെയ്ത ഓഡിറ്റോറിയത്തിന്റെ തൂണുകൾ വളഞ്ഞ് ഷീറ്റുമേഞ്ഞ മേൽക്കൂര താഴേക്ക് പതിച്ചു. അരികിൽനിൽക്കുന്ന തെങ്ങുകളിൽ ചാരിനിൽക്കുകയാണ് മേൽക്കൂര. നാലുമണിക്ക് സ്‌കൂൾ വിട്ട് കുട്ടികൾ പുറത്തേക്കുപോയ ഉടനെയാണ് സംഭവം.
അധ്യാപകരും മറ്റുജീവനക്കാരും ഓഫീസ് മുറികളിൽ ഉണ്ടായിരുന്നു. മേൽക്കൂരയ്ക്ക് താഴെ അധ്യാപകരുടെ വാഹനങ്ങളുണ്ടായിരുന്നെങ്കിലും വാഹനങ്ങൾക്ക് കേടുപാടുപറ്റിയിട്ടില്ല. അധ്യയനസമയമല്ലാത്തതിനാൽ അപകടങ്ങളൊന്നുമുണ്ടായില്ല. സ്‌കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം ചെമ്പകമരം കടപുഴകി വീണെങ്കിലും കെട്ടിടത്തിന് കേടുപാടുപറ്റിയിട്ടില്ല. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അഞ്ച് കൊല്ലം മുൻപ് നിർമിച്ചതാണ് ഓഡിറ്റോറിയം.
എം.എൽ.എ. മനോജ് മൂത്തേടന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഇതോടൊപ്പം ആലുവ -മൂന്നാർ റോഡിൽ മരംവീണ് ഗതാഗത തടസ്സമുണ്ടായി. പെരുമ്പാവൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കൂവപ്പടി ഗവ. പോളി ടെക്‌നിക്കിന് മുന്നിലും റോഡിലേക്ക് മരങ്ങൾ കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണതിനാൽ വൈദ്യുതിയും തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ചുനീക്കി.