പിറവം- ഇലഞ്ഞി റോഡിലെ കലുങ്ക്പണി; മണ്ഡല കാലത്തിനുമുൻപ് തീരുമോ എന്ന് ആശങ്ക

പിറവം : ശബരിമല തീർഥാടകരുടെ പ്രധാന പാതകളിലൊന്നായ പിറവം-ഇലഞ്ഞി റോഡിലെ കലുങ്കുപണി മണ്ഡലം കാലം തുടങ്ങുന്നതിനുമുൻപ് തീരാനിടയില്ലെന്നത് ആശങ്കയുയർത്തുന്നു. നവംബർ 17-ന് വൃശ്ചിക പ്പുലരിയിൽ മണ്ഡലകാലം തുടങ്ങുകയായി.
അതിന് രണ്ടുനാൾ മുൻപുതന്നെ തീർഥാടകരുടെ വാഹനങ്ങൾ ഇതുവഴി കടന്നുവരുക പതിവാണ്. കൊച്ചിയിൽനിന്ന് തൃപ്പൂണിത്തുറ, ചോറ്റാനിക്കര, പാഴൂർ-പിറവംവഴി കടന്നുപോകുന്ന തീർഥാടകർ പിറവം-ഇലഞ്ഞി റോഡിലൂടെ മോനിപ്പിള്ളി വഴിയാണ് തീർഥയാത്ര തുടരുന്നത്. മോനിപ്പിള്ളിയിൽനിന്ന് ഉഴവൂർ, പാലാ, കടപ്പാട്ടൂർ വഴിയും, ഏറ്റുമാനൂർ വഴിയും യാത്ര ചെയ്യാമെന്നതിനാൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡാണിത്.
ഈറോഡിൽ റോഡിൽ പിറവം തേക്കും മൂട്ടിൽപ്പടിയിലെ കലുങ്ക് കാലവർഷത്തിനിടയിൽ സ്ലാബ് തകർന്നാണ് ഇടഞ്ഞുപോയത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗാതം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞമാസം 19-നാണ് കലുങ്കിന്റെ പണി തുടങ്ങിയത്.
റോഡിന് കുറുകേ എട്ടുമീറ്റർ നീളവും രണ്ടുമീറ്റർ വീതിയുമുള്ള കലുങ്ക് പുതുക്കിപ്പണിയാൻ 9.7 ലക്ഷം രൂപ അനുവദിച്ചാണ് പണി തുടങ്ങിയത്. മണ്ഡലകാലം തുടങ്ങുന്ന 17-നുമുൻപ് പണി തീർക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
കലുങ്കിന്റെ കോൺക്രീറ്റ് ജോലികൾ ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച വാർക്ക നടന്നാലും അതുവഴി ഗതാഗതം സാധ്യമാകാൻ മൂന്നാഴ്ചയിലേറെ വേണ്ടിവരുമെന്നാണ് ഈ രംഗത്തെ സാങ്കേതിക വിദഗ്ധർ പറയുന്നത്. അതിനാൽ മണ്ഡല കാലത്തിന്റെ ആദ്യവാരം അയ്യപ്പന്മാർക്ക് ഇതുവഴി കടന്നുപോകാനാകുമോ എന്ന കാര്യം സംശയമാണ്.