ഒറ്റമഴയിൽ വെളിയത്തുനാട് പാടം മുങ്ങി; ഞാറെല്ലാം വെള്ളത്തിലായി

കരുമാല്ലൂർ : തുലാവർഷം കലിതുള്ളി പെയ്തപ്പോൾ പടിഞ്ഞാറേ വെളിയത്തുനാട് പാടശേഖരം വെള്ളത്തിലായി. പറിച്ചുനട്ട ഞാറെല്ലാം വെള്ളത്തിൽ മുങ്ങി. ഒഴുകിപ്പോകാൻ ശേഷിയുള്ള തോടുകളില്ലാത്തതിനാൽ വെള്ളം പാടത്തുതന്നെ കെട്ടിക്കിടക്കുന്നത് കൃഷിനാശമുണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ.

230 ഏക്കറിലാണ് ഇത്തവണ പടിഞ്ഞാറേ വെളിയത്തുനാട് പാടശേഖരത്തിൽ കൃഷിചെയ്തിരിക്കുന്നത്. കൃഷിവകുപ്പ് നൽകിയ വിത്തെല്ലാം ഞാറ്റടി തയ്യാറാക്കി ഇതരസംസ്ഥാന തൊഴിലാളികൾക്ക് കൂലികൊടുത്ത് എല്ലാം പറിച്ചുനട്ടു. അതുകഴിഞ്ഞപ്പോഴാണ് മഴപെയ്തത്.

രണ്ടുദിവസം മാത്രമാണ് മഴപെയ്തതെങ്കിലും വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്. സമീപപ്രദേശങ്ങളിലുള്ള തോടുകളിലെ വെള്ളംവരെ ഈ പാടശേഖരത്തിലേക്ക് ഒഴുകിയെത്തി. പക്ഷേ, അതെല്ലാം പാടത്തുനിന്ന് പുഴയിലേക്ക് ഒഴുകിപ്പോകാൻ ആവശ്യമായ സംവിധാനമില്ല. പടിഞ്ഞാറേ വെളിയത്തുനാട് ചെമ്പിക്കാട് പ്രദേശത്താണ് പ്രശ്നം രൂക്ഷം. ഇവിടെ തോട് വളരെ ഇടുങ്ങിയ അവസ്ഥയിലാണ്.

ചെറിയ മഴപെയ്യുമ്പോൾ അതെല്ലാം ഈ തോട്ടിലൂടെ ഒഴുകിപ്പോയേക്കും. രണ്ടുദിവസമായി ശക്തമായ മഴയായതിനാൽ വെള്ളം വേഗത്തിൽ ഒഴുകിപ്പോകുന്നില്ല. മണിക്കൂറുകളോളം പാടത്തുതന്നെ കെട്ടിക്കിടക്കുകയാണ്. തോടുകളിലൂടെപോകുന്ന വെള്ളം തോടുകവിഞ്ഞ് സമീപത്തെ കണ്ടങ്ങളിലേക്ക് തിരിച്ചുകയറുന്ന അവസ്ഥയുണ്ട്. ഇത് തടയാൻ കർഷകർ അവരാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ, ഒഴുക്ക് കൂടുതലായതിനാൽ താത്കാലിക ബണ്ടെല്ലാം പൊട്ടിപ്പോകുകയാണ്. വെള്ളം അധികദിവസം ഇങ്ങനെ കെട്ടിക്കിടന്നാൽ ഇപ്പോൾ നട്ടിട്ടുള്ള ഞാറെല്ലാം ചീഞ്ഞുപോകും. അതുപോയാൽ പിന്നെ വീണ്ടും നടാൻ കർഷകരുടെ കൈയിൽ വേറെ ഞാറില്ല. അങ്ങനെ ഈ സീസണിലെ കൃഷി ഉപേക്ഷിക്കേണ്ടിവരും. ഇതുവരെ ചെലവാക്കിയ വലിയ തുക കർഷകർക്ക് നഷ്ടമാകും. ഈ പ്രദേശത്തെ തോടുകൾ വീതികൂട്ടി സംരക്ഷിച്ചാൽമാത്രമേ ഇതിന് പരിഹാരമാകൂ.

തോട് വീതികൂട്ടണം -പാടശേഖരസമിതി

പല സീസണിലും ഇവിടത്തെ കർഷകർ അനുഭവിക്കുന്ന പ്രശ്നമാണിത്. കാലാവസ്ഥ കൃഷിക്കനുകൂലമാകുന്ന സമയമൊഴിച്ച് മറ്റെല്ലായ്പോഴും ഈ ദുരിതമുണ്ടാകാറുണ്ട്. അപ്പോഴെല്ലാം പാടശേഖരസമിതി കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയുമെല്ലാം ശ്രദ്ധയിൽപ്പെടുത്താറുമുണ്ട്. അപ്പോൾ എല്ലാം ശരിയാക്കാമെന്ന വാഗ്ദാനംനൽകും. പിന്നീട് വെളിയത്തുനാട് ഒന്നും നടക്കാറില്ല. ഈ രീതി അവസാനിപ്പിക്കണം.

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടം സന്ദർശിച്ച് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തണമെന്ന് പടിഞ്ഞാറേ വെളിയത്തുനാട് പാടശേഖരസമിതി പ്രസിഡന്റ് റഷീദ് കൊടിയൻ അവശ്യപ്പെട്ടു.