അത്താണിയിൽ അനധികൃത പാർക്കിങ് വ്യാപകം യാത്രക്കാർ ദുരിതത്തിൽ

അത്താണി : ദേശീയപാതയുമായി സംഗമിക്കുന്ന അത്താണിയിൽ അനധികൃത പാർക്കിങ് രൂക്ഷമായതോടെ യാത്രക്കാർ വലയുന്നു. പകലന്തിയോളം കാറുകളും ബൈക്കുകളും മറ്റു വാഹനങ്ങളും വഴിയോരങ്ങൾ കൈയേറുകയാണ്. ചെങ്ങമനാട് റോഡും മേയ്ക്കാട് റോഡും എയർപോർട്ട് റോഡും ദേശീയപാതയുമായി സംഗമിക്കുന്നതാണ് അത്താണി. സദാസമയവും ആയിരക്കണക്കിന് വാഹനങ്ങളാണ് അത്താണിയിലെത്തുന്നത്. ചെങ്ങമനാട് റോഡിൽ ജുഡീഷ്യൽ അക്കാദമി മുതൽ സ്വകാര്യ ബസുകൾ സഞ്ചരിക്കുന്ന കാംകോ സ്റ്റോർ വരെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുകയാണ്.

ദേശീയപാതയിൽ കാംകോയ്ക്ക്‌ മുന്നിലും തുരുത്തിശ്ശേരി സ്കൂൾ മുതൽ അത്താണി സിഗ്നൽവരെയും, അത്താണി അസ്സീസി സ്കൂൾ ജങ്ഷൻ മുതൽ ചെങ്ങമനാട് റോഡ് വരെയും അങ്കമാലി ബസ് സ്റ്റോപ്പ് പരിസരത്തും അനധികൃത പാർക്കിങ് രൂക്ഷമാണ്.

ദൂരെ ദേശങ്ങളിൽനിന്ന് പല ആവശ്യങ്ങൾക്കായി എത്തി അത്താണിയിലുടനീളം വെളുപ്പിന് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പലതും രാത്രി വൈകിയാണ് മാറ്റുന്നത്. വിമാനത്താവളത്തിലേക്കും മറ്റുമായി അനേകം വാഹനങ്ങളാണ് നിത്യേന അത്താണിയിലേക്കെത്തുന്നത്. മേയ്ക്കാട് യു-ടേൺ, അത്താണി സിഗ്നൽ ജങ്ഷൻ, അസ്സീസി ജങ്ഷൻ എന്നിവിടങ്ങളിൽ രാവിലെ മുതൽ വലിയ ഗതാഗതക്കുരുക്കാണ്. അപകടങ്ങളും പതിവാണ്.

ഇതിനിടെ റോഡരികിലെ അനധികൃത പാർക്കിങ് മൂലം ദീർഘദൂര, സ്വകാര്യ, സ്കൂൾ ബസുകൾ, ചരക്കുവാഹനങ്ങൾ എന്നിവയ്ക്ക്‌ സുഗമമായി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. അത്താണിയിൽ കാൽനടയാത്രികരാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. റോഡ് മുറിച്ചുകടക്കാൻ ഒരിടവും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയായതോടെ എവിടെയും, എങ്ങനെയും വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.

അത്താണിയിൽ പൊതു പാർക്കിങ് കേന്ദ്രം വേണം

അത്താണി : ഇതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവേശനകവാടമായ അത്താണിയിൽ പൊതു പാർക്കിങ് കേന്ദ്രം വേണമെന്ന് ആവശ്യപ്പെട്ട് അത്താണി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. അത്താണിയിൽ ഒരു പോലീസ് എയ്ഡ് പോസ്റ്റും രാത്രികാലങ്ങളിൽ പ്രദേശവാസികളുടെയും യാത്രാക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പോലീസ് സാന്നിധ്യവും വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. പോൾസൺ, ജനറൽ സെക്രട്ടറി ജോബി അഗസ്റ്റിൻ, ട്രഷറർ ബിന്നി തരിയൻ, രക്ഷാധികാരി എ.വി. രാജഗോപാൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയത്.