ദേശീയപാതയോരത്തെദുരിതമാകും കാനകൾ

അരൂർ : നിർമാണത്തിന്റെ അവസാന ഘട്ടത്തിലേക്കടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയുടെ നീളം 14 കിലോമീറ്റർ. ഈ പാതയ്ക്ക് കീഴെ നിലവിലെ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി നിർമിക്കുന്ന കാനയുടെ ആകെ ദൂരമാകട്ടെ 26 കിലോമീറ്ററും. 2023 ഫെബ്രുവരിയിൽ ഉയരപ്പാത നിർമാണം ആരംഭിച്ചപ്പോൾ മുതൽ അടുത്തിടെ വരെ ദേശീയപാത ശരിക്കും നരകപ്പാതയായിരുന്നു. ഇപ്പോഴാകട്ടെ പാതയോരങ്ങളിൽ നിർമിക്കുന്ന കാനയും അതിന്റെ പ്രവർത്തനങ്ങളുമാണ് ദുരിതമാകുന്നത്.
ആദ്യംമുതൽ കല്ലുകടി
: ഉയരപ്പാത നിർമാണം പകുതിയോടടുത്തപ്പോൾ മാത്രമാണ് കാന നിർമാണം ആരംഭിച്ചത്. അതിനിടെ ഓരോ മഴയിലും ദേശീയപാത ജലപാതയായി. ദേശീയപാത കടന്നുപോകുന്ന വിവിധ പഞ്ചായത്തുകൾ പലവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കാന നിർമാണത്തിന് വിലങ്ങുതടിയുമായി. പിന്നീട് ജില്ലാ കളക്ടർ ഇടപെട്ടതോടെയാണ് കാനകൾക്ക് ജീവൻവെച്ചത്. ഇതിനിടെ ഇടവിട്ടയിടങ്ങളിൽ കാന നിർമിക്കുകയും ചെയ്തു.
ഉയരക്കൂടുതൽ പുലിവാലായി
: ആദ്യഘട്ടത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നിർമിച്ച കാനകളുടെ ഉയരത്തിൽ തകർന്നത് ദേശീയപാതയോരത്തെ ആളുകളുടെ ജീവിതമായിരുന്നു. സ്വന്തം വീട്ടിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും വാഹനം കയറ്റിയിറക്കാൻ പോലും കഴിയാത്ത തരത്തിലായിരുന്നു ഉയരവ്യത്യാസം. പാതയും കാനയുടെ മേൽമൂടിയും തമ്മിൽ 15 മുതൽ 25 സെന്റിമീറ്റർ വരെ മാത്രമേ ഉയരവ്യത്യാസം പാടുള്ളു.
എന്നാൽ ആദ്യഘട്ടനിർമാണത്തിൽ ഇത് പലയിടങ്ങളിലും 50 സെന്റിമീറ്ററിനോടടുത്തു. 2000-ലധികം കുടുംബങ്ങളും നൂറുകണക്കിന് വ്യാപാരസ്ഥാപന ഉടമകളും ഈ ദുരിതത്തിനെതിരേ ശബ്ദമുയർത്തിയെങ്കിലും അധികാരികൾ ആരും അത് വകവെച്ചില്ല.
ദുരിതം തുടരും
: ആകെയുള്ള ദൂരത്തിലെ കാനയുടെ 60 ശതമാനത്തിലധികം പൂർത്തീകരിച്ചുകഴിഞ്ഞപ്പോഴേക്കും ഉയരക്കൂടുതൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പലർക്കും മനസ്സിലായി. തുടർന്ന് വിവിധതരത്തിൽ ഇതിനെതിരേ പ്രതിഷേധിച്ചവരെ കമ്പനിയുടെ ആളുകൾ സമീപിച്ചു. കാനയ്ക്കും ദേശീയപാതയ്ക്കും ഇടയിൽ നിർമിക്കുന്ന സൈക്കിൾ പാതയുടെ ഉയരത്തിൽ ചില ഉയർച്ചതാഴ്ചകൾ സെറ്റ് ചെയ്ത് ചില കൺകെട്ടുവിദ്യകൾ നടത്തി. പെട്രോൾ പമ്പ് പോലുള്ള ചിലയിടങ്ങളിൽ കോൺക്രീറ്റുപയോഗിച്ച് ചരിവുകൾ തീർത്തു. മാത്രമല്ല, പിന്നീടുള്ള കാന നിർമാണം ഉയരംകുറച്ചുമാക്കി. എന്നാൽ ഇതൊന്നും ആദ്യഘട്ടത്തിൽ ഉയരംകൂട്ടി കാന നിർമിച്ചയിടങ്ങളിലെ ദുരിതങ്ങൾ മാറ്റിയില്ല. പെട്രോൾ പമ്പിന് മുന്നിൽ പലവട്ടം വലിയ ഭാരവാഹനങ്ങൾ അടിതട്ടി കുടുങ്ങി. ഓരോ തവണയും ഇത്തരത്തിൽ പെടുന്ന വാഹനങ്ങൾ നീക്കാൻ മണിക്കൂറുകളെടുത്തു. അതിൽ മനുഷ്യ-യന്ത്ര സഹായങ്ങളും വേണ്ടിവന്നു. ഇത്രയൊക്കെയായിട്ടും ആദ്യഘട്ടം നിർമിച്ച കാനകളുടെ ഉയരം കുറയ്ക്കാൻ ശാശ്വത നടപടികളൊന്നുമില്ല. അതിനിടെ തിരമാല കണക്കെ ഉയർന്നും താഴ്ന്നും നിർമിക്കുന്ന സൈക്കിൾ പാതയിലെ യാത്രാ അപകടം എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.