ലീഗൽ മെട്രോളജി സർക്കിൾ 2 ഇൻസ്‌പെക്ടർ ഓഫീസ് പ്രവർത്തനം തുടങ്ങി

കോലഞ്ചേരി : കുന്നത്തുനാട് മണ്ഡലത്തിലെ ലീഗൽ മെട്രോളജി സർക്കിൾ 2 ഇൻസ്‌പെക്ടർ ഓഫീസ് കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി.

ഓഫീസിന്റെ ഉദ്ഘാടനവും ഓട്ടോറിക്ഷാ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പിന്റെ ഫ്‌ളാഗ് ഓഫും വി.പി. സജീന്ദ്രൻ എം.എൽ.എ. നടത്തി. ഇതോടെ കുന്നത്തുനാട് മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും വ്യാപാരികൾക്കും മുദ്രപതിപ്പിക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പെരുമ്പാവൂരിലേക്ക് പോകേണ്ടിവരുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും.

നിലവിൽ പെരുമ്പാവൂർ മിനിസിവിൽ സ്റ്റേഷനിലാണ് സർക്കിൾ 2 ഇൻസ്‌പെക്ടർ ഓഫീസ് പ്രവർത്തിക്കുന്നത്. വെങ്ങോല, കിഴക്കമ്പലം, കുന്നത്തുനാട്, പള്ളിക്കര, പട്ടിമറ്റം, മഴുവന്നൂർ, ഐക്കരനാട്, പുത്ത‌ൃക്ക, പുത്തൻകുരിശ്, തിരുവാണിയൂർ തുടങ്ങിയ പ്രദേശങ്ങളാണ് ഓഫീസിന്റെ പരിധിയിൽ വരുന്നത്. ഈ മേഖലകളിലെ ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും വ്യവസായികളും അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനയ്ക്കും മുദ്രപതിപ്പിക്കലിനുമായി പെരുമ്പാവൂരിനെയാണ് ആശ്രയിച്ചിരുന്നത്.

ലീഗൽ മെട്രോളജി മധ്യമേഖലാ ജോയിന്റ് കൺട്രോളർ പി. ശ്രീനിവാസ്, ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ്, എസ്. ബിമൽ, അസിസ്റ്റന്റ് കൺട്രോളർമാരായ കെ.ഡി. നിഷാദ്, കെ.എം. മുഹമ്മദ് ഇസ്മായിൽ, ജില്ലാ പഞ്ചായത്ത് അംഗം സുജിത് പോൾ, സി.പി. ജോയി, കെ.വി. എൽദോ, വി.എം. ജോർജ്, കെ.പി. സ്‌കറിയ, സി.എ. നവാസ്, ജെയിൻ മാത്യു, സലീം പുത്തുക്കാടൻ, ബാബു പോൾ എന്നിവർ പ്രസംഗിച്ചു.