രാസമാലിന്യ സാന്നിധ്യം കണ്ടെത്തി; ചുള്ളിത്തോട്ടിലെ വെള്ളം പരിശോധനയ്ക്കയച്ചു

അയ്യമ്പുഴ : ചുള്ളിത്തോട്ടിൽ രാസമാലിന്യം ഒഴുകിയെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയിൽ തോട്ടിലെ വെള്ളം പരിശോധനയ്ക്കെടുത്തു. അയ്യമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യവിഭാഗം വെള്ളം ശേഖരിച്ച് ബയോളജിക്കൽ ടെസ്റ്റിനയച്ചു.

വാട്ടർ അതോറിറ്റിയും വെള്ളം ശേഖരിച്ചിട്ടുണ്ട്. രാസമാലിന്യം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ കെമിക്കൽ ടെസ്റ്റിനയക്കും. കഴിഞ്ഞ ദിവസമാണ് തോട്ടിൽ രാസമാലിന്യം അടങ്ങിയ വെള്ളം കണ്ടെത്തിയത്. തോട്ടിൽ നിന്നുള്ള വെള്ളമാണ് പമ്പ്ഹൗസിലേക്ക് അടിയ്ക്കുന്നത്.

അയ്യമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമായി എത്തുന്നത് ഇതിൽ നിന്നുള്ള വെള്ളമാണ്. ഏറെക്കാലമായി ജനങ്ങൾ ഈ ദുരിതം അനുഭവിക്കുന്നു. നിരവധി തവണ പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. നാട്ടുകാർക്ക് ജലത്തിനായി മറ്റ് സ്രോതസ്സുകൾ ലഭ്യമില്ല.

അതിനാൽ രാസമാലിന്യം കലർന്ന വെള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ്.

ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴിവയ്ക്കുന്നു. ചിലയിടത്ത് വെള്ളത്തിന് പാലിന്റെ നിറമായിരുന്നു. വെള്ളത്തിലിറങ്ങിയാൽ ചൊറിച്ചിൽ അനുഭവപ്പെടും. ചെറുമീനുകൾ ചത്തുപൊങ്ങുകയും ചെയ്തു. പ്രദേശവാസികൾ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളമാണ്. മനുഷ്യനുമാത്രമല്ല, കന്നുകാലികൾക്കും വെള്ളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്ളാന്റേഷൻ കോർപ്പറേഷൻ ഭാഗത്തു നിന്നാണ് തോട് ആരംഭിക്കുന്നത്. കോർപ്പറേഷന്റെ കല്ലാല എസ്റ്റേറ്റ് ഫാക്ടറിയിൽ നിന്നും തള്ളുന്ന രാസമാലിന്യമാണ് തോട്ടിലേക്ക് ഒഴുകിയെത്തുന്നതെന്നാണ് നാട്ടുകാരുടെ സംശയം.

ഫാക്ടറിയിൽ നിന്നും ഇത്തരത്തിൽ മലിനജലം തോട്ടിൽ ഒഴുക്കാൻ പാടില്ലാത്തതാണ്. മലിനജലം ടാങ്കിൽ ശേഖരിച്ച് ശുദ്ധീകരിച്ചുവേണം പുറന്തള്ളാൻ. ഇതു പാലിക്കാതെ മഴക്കാലത്ത് തോട്ടിലേക്ക് തുറന്നുവിടുന്നുവെന്നാണ് പരാതി. മഴവെള്ളത്തിനൊപ്പം കുത്തിയൊലിച്ച് ഒഴുകുമ്പോൾ തിരിച്ചറിയില്ല.

എന്നാൽ, കഴിഞ്ഞ ദിവസം തോട്ടിൽ വെള്ളം കുറവായിരുന്നു. അന്ന് ഒഴുകിയെത്തിയ വെള്ളത്തിലാണ് രാസമാലിന്യം കണ്ടത്.

തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത് തടയണമെന്നാണ് ജനങ്ങളുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനും നാട്ടുകാർ തയ്യാറെടുക്കുന്നു.