തൊണ്ടുകടവ് തോട് കൈയേറ്റം; സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത്

പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്ത് രണ്ടാം വാർഡിലെ പുരാതനമായ തൊണ്ടുകടവ് തോട് കൈയേറ്റത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി.

ടാർ റോഡുകൾ വരുന്നതിനുമുൻപ് കാളവണ്ടികൾ സഞ്ചരിച്ചിരുന്ന തൊണ്ടുകടവ് തോടിന്റെ ഒരു വശത്തുള്ള പുറമ്പോക്ക് സ്ഥലമാണ് സ്വകാര്യ വ്യക്തികൾ കൈയേറി നിർമാണം തുടങ്ങിയത്.

കൈയേറ്റത്തിനെതിരേ പരിസരവാസികളായ അൻപതുപേർ ഒപ്പിട്ട പരാതി പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, വില്ലേജ് ഓഫീസർ, ആർ.ഡി.ഒ. എന്നിവർക്ക് നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു.

അനുമതിയില്ലാതെ തോടിന്റെ അരിക് കരിങ്കൽ കെട്ടിത്തിരിച്ചത് പൊളിച്ചുനീക്കണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പുറമ്പോക്ക് സ്ഥലം അളന്നുതിരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കൈയേറ്റം മൂലം തോട്ടിൽ വെള്ളമൊഴുകുന്നതിന് തടസ്സമുണ്ടായാൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. പുറമ്പോക്ക് അളന്നുതിരിച്ച് ഒഴിപ്പിക്കാനുളള നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.