തോട്ടറപ്പുഞ്ചയ്ക്കരികിൽ മദ്യപാനം കുപ്പികൾ പാടത്തേക്ക്

കാഞ്ഞിരമറ്റം : പാടശേഖരത്തിനു സമീപത്തിരുന്ന് മദ്യപിച്ച ശേഷം സമൂഹവിരുദ്ധർ ചില്ലുകുപ്പികൾ പാടത്തേക്കെറിയുന്നതു മൂലം പാടത്ത് വീണു പൊട്ടുന്ന കുപ്പിച്ചില്ല് തറച്ച് ചെളിയിൽ ജോലി ചെയ്യുന്നവർക്ക് നിരന്തരം പരിക്കേൽക്കുന്നതായി പരാതി. നിരവധി കർഷകർക്കും ടില്ലർ ജോലിക്കാർക്കും നിരന്തരം പരിക്കേറ്റതോടെ പാടത്തിറങ്ങാൻ കർഷകർക്കു ഭയമാവുകയാണെന്ന് പാടശേഖര സമിതി നേതാക്കൾ പറഞ്ഞു.
ആമ്പല്ലൂർ പഞ്ചായത്തിലെ വിരിപ്പച്ചാൽ പാടശേഖരത്തിൽ ഉഴവിനായി ടില്ലർ ഇറക്കിയപ്പോൾ പാടം നിറയെ മദ്യക്കുപ്പികളായിരുന്നു. എറിഞ്ഞു പൊട്ടിച്ച കുപ്പിച്ചില്ലുകൾ ഇപ്പോഴും പാടത്തിന്റെ മണ്ണിൽ പുതഞ്ഞ് കിടപ്പുണ്ട്. പാടത്തിറങ്ങിയാൽ ചെളിയിൽ പുതഞ്ഞ് കിടക്കുന്ന ചില്ല് തറച്ച് കാലു കീറും. മുറിവ് പഴുക്കുന്നതോടെ കൃഷിയ്ക്കിറങ്ങാനാവാതെ വരും.
വെള്ളക്കെട്ടിനരികിലും പമ്പു ഹൗസിന്റെ മറവിലും വരമ്പിലുമെല്ലാം മദ്യക്കുപ്പികളാണ്. ബിയർ കുപ്പികൾ, സോഡാ കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ ഇതൊക്കെ സാമൂഹിക വിരുദ്ധർ പാടത്തുപേക്ഷിക്കുകയാണ്.
ഇതു വഴി പോലീസ് രാത്രി പട്രോളിങ് ശക്തമാക്കിയാൽ ഇവിടെ മദ്യപിക്കുന്ന സാമൂഹിക വിരുദ്ധരെ പിടികൂടാനാവും. ഇവർക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇവരുടെ ശല്യം തുടർന്നാൽ തങ്ങൾക്കു കൃഷിയുപേക്ഷിക്കുകയേ മാർഗമുള്ളൂവെന്നും പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.