കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്കുമുന്നിൽ ഭീഷണിയായി കുഴികൾ

പെരുമ്പാവൂർ : കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് മുന്നിലെ റോഡിൽ കോൺക്രീറ്റ് തകർന്ന് പുറത്തുവന്ന ഇരുമ്പുകമ്പികൾ ഭീഷണിയായി.

വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറുന്നതിനും നടന്നുപോകുന്നവരുടെ കാലിൽ തറയ്ക്കാനും ഇടയുണ്ട്. മഴപെയ്ത് വെള്ളം കെട്ടിനിന്നാൽ കൂർത്തമുനയുളള കമ്പികൾ കാണാൻ കഴിയില്ല. നഗരത്തിലേയ്ക്കുവരുന്ന കെ.എസ്.ആർ.ടി.സി. ബസുകളും ഭാരവാഹനങ്ങളുൾപ്പെടെ തിരിച്ചുവിടുന്ന തിരക്കേറിയ പ്രധാന പാതയിലാണ് റോഡിന് നടുവിൽ പലയിടങ്ങളിലായി റോഡ് തകർന്ന് ഇരുമ്പുകമ്പികൾ ഉയർന്നുനിൽക്കുന്നത്.

റോഡിന് അടിയിലൂടെ പോകുന്ന കാനയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റിന്റെ കമ്പികളാണ് ഭീഷണിയായി ഉയർന്നുനിൽക്കുന്നത്. മാസങ്ങൾക്കുമുൻപ് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും വീണ്ടും പഴയപടിയായി. എത്രയുംവേഗം കോൺക്രീറ്റ് പുനഃസ്ഥാപിച്ച് അപകടനില ഒഴിവാക്കണമെന്നാണ് ആവശ്യം.