കൽക്കെട്ടില്ലാത്ത കായലോരം കാടുമൂടി

ജന്തുക്കളുടെ ഭീഷണിയിൽ തീരവാസികൾ

അരൂർ : കൽക്കെട്ടില്ലാത്ത കൈതപ്പുഴക്കായലോരം കാടുമൂടി. അരൂർ പഞ്ചായത്ത് ഒന്നാംവാർഡ് മുക്കം ഉന്നതിക്ക് സമാന്തരമായുള്ള ഭാഗത്താണ് കാട് നിറഞ്ഞത്.

പാമ്പ്, ഉടുമ്പ്, പെരുച്ചാഴി എന്നിവയടക്കം ഇവിടെ താവളമാക്കിയതോടെ ദുരിതത്തിലായത് സമീപത്തെ വീട്ടുകാർ. രാത്രി സമയത്തും മറ്റും കരക്ക് കയറുന്ന ഇഴജന്തുക്കൾ വീടുകളിലേക്കെത്തുന്നതാണ് ആളുകൾക്ക് ബുദ്ധിമുട്ടാകുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ വീടിനുള്ളിൽ കയറിയ ഉടുമ്പിനെ വലയിലാക്കാൻ അഗ്നിരക്ഷാ സേന എത്തേണ്ടിവന്നു.

ഏകദേശം 120 മീറ്ററോളം ഇവിടെ കായലോരം ഉണ്ട്. ഇതിൽ പകുതി ഭാഗത്ത് മാത്രമാണ് കൽക്കെട്ടുള്ളത്. ഇവിടം വഴിയാണ് ഇഴജന്തുക്കളടക്കം കരയിലേക്ക് പ്രവേശിക്കുന്നത്. കാലങ്ങളായി എക്കലടിഞ്ഞും മറ്റും നികന്ന് കിടക്കുകയാണ് കായലോരം. ഇവിടെയാണ് കാട് മൂടിയത്, കൽക്കെട്ടില്ലാത്തതിനാൽ വേലിയേറ്റസമയത്ത് തീരദേശത്തേക്ക് ഉപ്പുവെള്ളം കയറുന്നതിന്റെ ദുരിതവും ഇവിടെയുള്ളവർ അനുഭവിക്കുന്നു. 150-ഓളം കുടുംബങ്ങൾ ഇവിടെയുണ്ട്.

കായലോരത്തുനിന്ന് തുടങ്ങുന്ന ഇവരുടെ ദുരിതം വീണ്ടും നീളും. ഉന്നതിക്ക് ഉള്ളിലേക്കുള്ള കോൺക്രീറ്റ് വഴികളാണ് പ്രശ്‌നം. ഉയർന്നും താഴ്ന്നും കിടക്കുന്ന കോൺക്രീറ്റ് വഴിയിൽ യാത്രബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് ഇഴുക്കലാകുമ്പോൾ. മറ്റൊരു ദുരിതം ജപ്പാൻ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവാണ്.

ദിവസം മുഴുവൻ വെള്ളം ലഭ്യമാക്കുക, തീരത്ത് കല്ലുകെട്ടുക, കാട് നീക്കം ചെയ്യുക, ഉന്നതിയിലെ വഴികൾ ടൈൽപാകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. ഒപ്പം കായലോരത്ത് ഓപ്പൺജിമ്മും കുട്ടികൾക്ക് പാർക്കും ഒരുക്കി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.