മുളന്തുരുത്തിയിൽ നിന്നും പുത്തൻകുരിശിലേക്ക് ദീപശിഖാപ്രയാണം

വിശുദ്ധ മൂറോൻ കൂദാശ
മുളന്തുരുത്തി : പുത്തൻകുരിശ് മാർ അത്താനാസിയോസ് കത്തീഡ്രലിൽ നവംബർ 13-ന് നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയുടെ ആരംഭം കുറിച്ച് ദീപം തെളിക്കുന്നതിനുള്ള ദീപശിഖ മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രലിൽനിന്നും പുത്തൻകുരിശ് അത്താനാസിയോസ് കത്തീഡ്രലിലെത്തി.
മലങ്കരസഭയിൽ ആദ്യമായി വിശുദ്ധ മൂറോൻ കൂദാശ നടത്തപ്പെട്ട മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിടത്തിൽ നിന്നാണ് ദീപശിഖയിലെ ദീപം പകർന്നത്.
ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാമത് വാർഷികത്തിലാണ് പുത്തൻകുരിശിൽ വിശുദ്ധ മൂറോൻ കൂദാശ നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 3.30-ന് വൈദിക സെമിനാരിയുടെ റെസിഡെന്റ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പ്രാർഥിച്ച് ദീപശിഖയിലേക്ക് ദീപംപകർന്ന് വൈദികർക്ക് കൈമാറി.
പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് ജോസഫ് ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി.