അവതാളത്തിലാകുമോ പെരിയാർവാലി കനാൽ ശുചീകരണം

കുറുപ്പംപടി : പെരിയാർവാലി കനാലുകളുടെ ശുചീകരണം ഇക്കൊല്ലം അവതാളത്തിലാകുമെന്ന് ആശങ്ക. വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാൽ ശുചീകരണ ജോലികൾ ചെയ്തുവരുന്നത്. എന്നാൽ ഇക്കൊല്ലം പഞ്ചായത്തുകൾ ഇതിനുള്ള കർമപദ്ധതികൾ തയ്യാറാക്കുകയോ, പെരിയാർവാലിയുടെ ഭാഗത്തുനിന്ന് ഇത് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

നവംബർ, ഡിസംബർ മാസങ്ങളിൽ കനാൽവെള്ളം തുറന്നുവിടണമെങ്കിൽ ഇപ്പോഴെങ്കിലും ശുചീകരണ ജോലികൾ തുടങ്ങണം. എന്നാലേ നിശ്ചിത സമയത്തിനകം പണികൾ പൂർത്തിയാക്കാൻ കഴിയൂ. തൊഴിലുറപ്പ് പദ്ധതിയിൽ ഭേദഗതികൾ വരുത്തി വി.ബി.ജി. റാംജി പദ്ധതിയാക്കിയതിന് ശേഷം തൊഴിലാളികൾക്ക് വർഷത്തിൽ 100 ദിവസം ജോലി കിട്ടുമോ എന്നതിലും ആശങ്കയുണ്ട്.

ഇനി കർമപദ്ധതി തയ്യാറാക്കി അംഗീകാരം നേടിയെടുക്കാൻ കാലതാമസമെടുക്കും. പെരിയാർവാലി നേരിട്ട് ടെൻഡറെടുത്ത് ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയാലും നവംബറാകുമ്പോഴേക്കും പണികൾ തീർത്ത് കനാൽവെള്ളം തുറന്നുവിടാൻ കഴിയുമോ എന്ന് കണ്ടറിയണം. ഇതുവരേയും പെരിയാർവാലി പഞ്ചായത്തുകളോട് കർമപദ്ധതി തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം.

തൊഴിലുറപ്പ് തൊഴിലാളികൾ ഇപ്പോൾ പുരയിടങ്ങൾ, കൈത്തോടുകൾ എന്നിവ ശുചീകരിക്കുന്ന ജോലികളാണ് ചെയ്തുവരുന്നത്. പലയിടത്തും പണികളില്ല. കനാൽ ശുചീകരണത്തിനുള്ള പണികൾ എത്രയും വേഗം തുടങ്ങാനുള്ള നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുടക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. അവറാച്ചൻ പെരിയാർവാലിക്ക് നിവേദനം നൽകി.