ഇടംപാടം തരിശുനിലത്ത് വിതയുത്സവം

ഉദയംപേരൂർ : അഞ്ചുവർഷത്തിലധികമായി തരിശായിക്കിടക്കുകയായിരുന്ന ഉദയംപേരൂർ ഇടംപാടം തരിശുനിലത്ത് വീണ്ടും കൊയ്ത്തുപാട്ട് ഉയരും. ഇവിടെ നെൽകൃഷിയുടെ വിതയുത്സവം ചൊവ്വാഴ്ച രാവിലെ ആഘോഷമായി നടന്നു.

ഉദയംപേരൂർ ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ഇടംപാടം തരിശുനിലത്ത് കൃഷി ആരംഭിച്ചിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായുള്ള വിതഉത്സവം ദീപക് ജോയ് എം.എൽ.എ. പാടത്ത് നെൽവിത്തെറിഞ്ഞ് നിർവഹിച്ചു. ഉദയംപേരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ജൂബൻ ജോൺ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ വിദ്യാ സോമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമൻ, ജില്ലാ പഞ്ചായത്ത് മെംബർ സോനാ ജയരാജ്, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജു പൊങ്ങലായിൽ, ബിനു ജോഷി, അഡ്വ. തവമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേഷ്മാ മുരുകേശ്, നിഷാ ബാബു, മെർലി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു. പ്രായം കൂടിയ കർഷകൻ ചാഞ്ചൻ, ജെ.ബി.എസ്. വലിയകുളം, പൂത്തോട്ട എസ്.എൻ. സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കർഷകവേഷത്തിലെത്തി പാടത്തിറങ്ങി വിത്തുവിതയിൽ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ ഉദയൻ കെ.വി. നന്ദിപറഞ്ഞു.