കാൽനടതീർഥാടനത്തിന് ഇന്ന് തുടക്കം

മാർത്തോമ്മാ ചെറിയപള്ളി കന്നി 20 പെരുന്നാൾ
കോതമംഗലം : മാർത്തോമ്മാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഹൈറേഞ്ചിൽനിന്ന് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാൽനടതീർഥാടനത്തിന് ബുധനാഴ്ച തുടക്കം കുറിക്കും. പ്രധാന പെരുന്നാൾ ദിവസമായ ഒക്ടോബർ 2-ന് ചെറിയപള്ളിയിൽ എത്തിച്ചേരുംവിധമാണ് തീർഥയാത്രാ ക്രമീകരണം. ചെറിയപള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഷിബു തെക്കുംപുറം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പള്ളിവികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി അധ്യക്ഷനായി. വിവിധ സർക്കാർ ഡിപ്പാർട്ട്‌മെന്റുകളെ ഒരുമിപ്പിച്ച് ചെറിയപള്ളിയുടെ കെട്ടിടത്തിൽ താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്നതാണ് കൺട്രോൾ റൂം. മുനിസിപ്പൽ ചെയർപേഴ്‌സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, നഗരസഭാ കൗൺസിലർ ഷിബു കുര്യാക്കോസ്, തഹസിൽദാർ സതീശൻ കെ.എസ്., ഡെപ്യൂട്ടി തഹസിൽദാർമാരായ ബ്ലെസി പി. അഗസ്റ്റിൻ, കെ.എം. സുബൈർ, നസീറ ടി.എ., വിവിധ സർക്കാർവകുപ്പുകളുടെ പ്രധിനിധികൾ, പള്ളി സഹവികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെനടന്ന അഞ്ചിന്മേൽ കുർബാനയ്ക്ക് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഈവാനിയോസ് പ്രധാന കാർമികത്വം വഹിച്ചു. ബുധനാഴ്ച രാവിലെ 7.15-ന് അഞ്ചിന്മേൽ കുർബാനയ്ക്ക് പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മർക്കോസ് മാർ ക്രിസോസ്റ്റമോസ് കാർമികനാകും.
പെരുന്നാൾ നേർച്ചസദ്യയ്ക്കുള്ള ഉത്പന്നങ്ങളുടെ സമർപ്പണ ഉദ്ഘാടനം 'കലവറ നിറയ്ക്കൽ വൈകീട്ട് 5-ന് നടക്കും. 6-ന് സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കും.