കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം

സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കണം
ചേരാനല്ലൂർ: കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിൽ കുടുംബം. അപകടമുണ്ടാക്കിയ കാറിൽ പതിനേഴുകാരനൊപ്പം പിതാവായ ജഡ്ജിയും ഉണ്ടായിരുന്നോയെന്ന സംശയവും ജയബാലകൃഷ്ണന്റെ മക്കൾ പങ്കുവെച്ചു. പ്രതിയുടെ അച്ഛൻ ജഡ്ജിയായതിനാൽ ആ നിലയിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നതായും പ്രതിയുടെ അച്ഛന്റെ നിയമപരിജ്ഞാനവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുള്ളതായും ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത്ചന്ദ്രനും ‘മാതൃഭൂമി’യോട് പറഞ്ഞു.
അമിതവേഗത്തിലാണ് ലൈസൻസില്ലാത്തയാൾ കാറോടിച്ചിരുന്നതെന്ന് പോലീസിനു മനസ്സിലായിട്ടും ആ നിലയിൽ കേസെടുത്തില്ലെന്ന് അവർ പറഞ്ഞു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പ്രതിയുടെ പേരിൽ കേസെടുത്തത്.
അപകടത്തിൽപ്പെട്ടു മരിച്ച അച്ഛന്റെ ചിതയെരിഞ്ഞടങ്ങും മുൻപേതന്നെ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. സമ്മർദങ്ങൾക്കൊടുവിലാണ് ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ പ്രതിയെ ഹാജരാക്കിയത്. അപ്പോഴും പ്രതിക്ക് രക്ഷപ്പെടുന്നതിനുള്ള പഴുതുകളിട്ടാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.
ജാമ്യോത്തരവിന്റെ പകർപ്പ് ഇനിയും കുടുംബത്തിനു നൽകിയിട്ടില്ല. സംഭവം നടന്ന് ഒരുദിവസം പിന്നിട്ടിട്ടും സി.സി.ടി.വി. ക്യാമറകൾ പോലീസ് പരിശോധിക്കാത്തതും സംശയം ബലപ്പെടുത്തുന്നുണ്ട്. കളമശ്ശേരി മുതൽ ഹൈക്കോർട്ടുവരെയുള്ള സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ പരിശോധിക്കണമെന്നും മക്കൾ ആവശ്യപ്പെട്ടു. തുടക്കത്തിൽ തന്നെ കേസ് ലഘൂകരിച്ച് സാധാരണ അപകടക്കേസാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും സംഘടനകളുടെയും ശക്തമായ ഇടപെടൽ മൂലമാണ് പിന്നീട് കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കപ്പെട്ടത്.
അച്ഛന്റെ മരണത്തിനുത്തരവാദിയായവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും നിലവിൽ പ്രതിക്ക് ലഭിച്ചിട്ടുള്ള ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി ഉൾപ്പെടെയുള്ള ഉയർന്ന നീതിന്യായ സംവിധാനങ്ങളെ സമീപിക്കുമെന്നും കുടുംബം പറഞ്ഞു.