പറവൂരിൽ സബ് ട്രഷറിക്ക് പുതിയ കെട്ടിടം നാലുകോടിയുടെ ഭരണാനുമതി

പറവൂർ : കാലപ്പഴക്കം മൂലം വീണുപോയ പറവൂരിലെ സബ് ട്രഷറിക്ക് അതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നു. ഇതിന്റെ നിർമാണത്തിനായി നാലു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

പുതിയ ട്രഷറി നിർമിക്കുന്ന സ്ഥലത്ത് നിലവിലുള്ള തകരാറിലായ ട്രഷറി പൊളിച്ചു മാറ്റുന്നതിനുള്ള അനുവാദം ട്രഷറി വകുപ്പിൽനിന്നും ലഭ്യമാക്കിയിട്ടുണ്ട്. ലേലം ചെയ്യുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കി എത്രയും വേഗം ട്രഷറി പൊളിച്ച് സ്ഥലം ക്ലിയർ ചെയ്യുവാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.

രണ്ടു വർഷം മുൻപാണ് ട്രഷറി കെട്ടിടം തകർന്നുവീണത്. തുടർന്ന് പറവൂരിൽ ട്രഷറി പ്രവർത്തിക്കാൻ സ്ഥലം കിട്ടാതിരുന്നതിനാൽ പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി പ്രവർത്തനം ആരംഭിച്ചു. എന്നാൽ ട്രഷറിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം കണക്കിലെടുത്ത് കോടതി അങ്കണത്തിൽതന്നെ ട്രഷറി നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ കോടതി അങ്കണത്തിൽ ട്രഷറിക്കായി അനുവദിച്ച സ്ഥലത്ത് കെട്ടിടം പണിയുന്നതിനായി കോടതിയുടെ എതിർപ്പ് വന്നതിനെ തുടർന്ന് ജില്ലാ കളക്ടറുമായി നിരന്തരം ഇടപെട്ട് ഈ കാര്യത്തിൽ കൂടിയാലോചനകൾ നടത്തി, നിലവിൽ ട്രഷറി ഇരുന്നിരുന്ന ഭാഗത്തുതന്നെ പുതിയ ട്രഷറി നിർമിക്കുന്നതിനായുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു.

ഹൈക്കോടതിയുടെ അനുമതിയോടെ 19 സെന്റ് സ്ഥലം ട്രഷറിക്കായി നിലവിൽ ട്രഷറി ഉണ്ടായിരുന്ന സ്ഥലത്തുതന്നെ അനുവദിച്ചു. കോടതിയുടെ അതേ മാതൃകയിൽ സബ്ട്രഷറിക്ക് പുതിയ കെട്ടിടത്തിനുള്ള പ്ലാൻ തയ്യാറാക്കി നൽകി.

പൂർണമായും ശീതീകരിച്ചതാണ് ട്രഷറി കെട്ടിടം. താഴത്തെ നിലയിൽ ട്രഷറി ഓഫീസറുടെ കാബിൻ, ടോയ്‌ലറ്റ്, ഒരേസമയം 100 പേർക്ക് ഇരിക്കാവുന്ന ഹാൾ, ഹാളിൽതന്നെ ജീവനക്കാരുടെ കൗണ്ടറുകൾ, സെർവർറൂം, ജൂനിയർ സൂപ്രണ്ടിനുള്ള കാബിൻ, പോലീസ് ഗാർഡിന് ചുറ്റും സഞ്ചരിക്കാവുന്നതുമായ ബീറ്റ് ഏരിയയോടുകൂടിയ സ്‌ട്രോങ് റൂം, വിശ്രമിക്കുവാനുള്ള വിശ്രമമുറി, ട്രഷറി ഓഫീസർ, ജൂനിയർ സൂപ്രണ്ട് എന്നിവർക്കുള്ള പ്രത്യേക മുറികൾ, കാർപോർച്ച്, പുരുഷ-വനിത ജീവനക്കാർക്കുള്ള ടോയ്‌ലറ്റ്, രണ്ട് കാഷ് കൗണ്ടറുകൾ, അംഗപരിമിതർക്കുള്ള റാംപ്, അവർക്കാവശ്യമായ ടോയ്‌ലറ്റ്, ട്രഷറിയിൽ എത്തുന്ന വനിതകൾക്കും പുരുഷന്മാർക്കും വികലാംഗർക്കുമുള്ള പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ, റെക്കോഡ്‌റൂം എന്നിവയുണ്ട്.

ഒന്നാംനിലയിൽ പുറത്തുനിന്നും മാത്രം പ്രവേശനമുള്ള കംപ്യൂട്ടർറൂമും ഹാളും സ്‌റ്റെയർകേസും കാർ പോർച്ചും ഉൾപ്പെടെ 6500 സ്‌ക്വയർ ഫീറ്റിൽ ഉള്ള കെട്ടിടമാണ് ട്രഷറിക്കായി നിർമിക്കുന്നത്.

കൂടാതെ ട്രഷറിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി ആവശ്യമായ സോളാർ പാനലുകൾ സ്ഥാപിക്കുമെന്നും ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടുകൂടി പൂർണമായും ശീതീകരിച്ച കേരളത്തിലെ ആദ്യത്തെ സബ് ട്രഷറി ആയിരിക്കും പറവൂർ ട്രഷറിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർക്കാണ് നിർമാണ ചുമതല. സാങ്കേതികാനുമതി ലഭ്യമാക്കി ഉടൻതന്നെ ടെൻഡർ നടപടികൾ സ്വീകരിച്ച് നിർമാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.