പാറക്കടവ് പൂവത്തുശ്ശേരി പാടശേഖരത്തിൽ ഞാറുനടീൽ തുടങ്ങി; വെള്ളക്കെട്ട് ഭീഷണിയിൽ കർഷകർ

പാറക്കടവ് : പാറക്കടവ് പൂവത്തുശ്ശേരി പാടശേഖരത്തിൽ ഞാറുനടീൽ തുടങ്ങി. പക്ഷേ, ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴ പാടശേഖരത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ.
ഞാറുനട്ട കുറേഭാഗത്ത് വെള്ളക്കെട്ടുണ്ട്. മഴമാറി വെള്ളമിരുന്നില്ലങ്കിൽ നട്ട ഞാറ് ചീഞ്ഞു നശിക്കുമെന്ന ആശങ്കയുമുണ്ട്. മുൻകാലത്ത് മൂന്നുപൂവ് കൃഷിചെയ്തിരുന്ന ഈ പാടശേഖരത്തിൽ വെള്ളക്കെട്ടുമൂലം ഇപ്പോൾ വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. ഒക്ടോബറിൽ കൃഷിയിറക്കി മാർച്ചിൽ വിളവെടുക്കുന്ന രീതിയാണ് കുറച്ചുകാലങ്ങളായി തുടരുന്നത്.
ഇക്കഴിഞ്ഞ മാർച്ചിലെ വിളവെടുപ്പ് കഴിഞ്ഞതിനുശേഷമാണ് ഇപ്പോൾ വീണ്ടും കൃഷി തുടങ്ങിയത്.
കർഷകർക്ക് ലഭിച്ച 5.5 ടൺ പൊൻമണി വിത്ത് പാകിയാണ് നടാനുള്ള ഞാറ് മുളപ്പിച്ചത്. രണ്ടുവർഷം മുൻപ് വെള്ളക്കെട്ടുമൂലം ഇവിടത്തെ കൃഷി പൂർണമായും നശിച്ചതാണ്. പാടശേഖരത്തിലെ ഏലാത്തോട്, വാഴാർ തോട്, ആലുവാത്തോട് എന്നിവ ശുചീകരിക്കാത്തതുമൂലമാണ് വെള്ളക്കെട്ട് ഉണ്ടായത്. കർഷകരുടെ മുറവിളിയെ തുടർന്ന് ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി ഈ തോടുകൾ വൃത്തിയാക്കിയതിനുശേഷമാണ് കഴിഞ്ഞ ഒക്ടോബറിൽ കർഷകർ കൃഷി ഇറക്കിയത്.
മാർച്ചിൽ മികച്ച വിളവും കർഷകർക്ക് ലഭിച്ചു. ആ പ്രതീക്ഷയിലാണ് ഇത്തവണയും കർഷകർ ഒന്നായി കൃഷിക്ക് ഇറങ്ങുന്നത്. എന്നാൽ വാഴാർ തോടിന്റെ പലഭാഗവും കാടുപിടിച്ചു കിടക്കുന്നതിനാൽ പാടശേഖരത്തിൽ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിപ്പോകുന്നില്ല. മൂന്നു തോടുകളിലൂടെയും വെള്ളം സുഗമമായി ഒഴുകിപ്പോയാൽ മാത്രമേ വെള്ളക്കെട്ട് ഭീഷണിയില്ലാതെ മനഃസമാധാനത്തോടെ കർഷകർക്ക് കൃഷി ഇറക്കാൻ കഴിയൂ.
തോടുകൾ ശുചീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ മുൻകൈയെടുക്കണമെന്ന് നെല്ലുത്പാദകസമിതി ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടു.
മൂന്നുതോടുകളും സമയബന്ധിതമായി ശുചീകരിക്കണം
പാറക്കടവ്, പൂവത്തുശ്ശേരി പാടശേഖരത്തിൽ തുടർച്ചയായുണ്ടാകുന്ന വെള്ളക്കെട്ടിന് അറുതി വരുത്താൻ പാടശേഖരത്തിലെ മൂന്നുതോടുകളും സമയബന്ധിതമായി ശുചീകരിക്കണം. തോടിന്റെ ഏതെങ്കിലും ഭാഗത്ത് കാടുപിടിച്ചാൽ വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകില്ല. വെള്ളക്കെട്ടിന് പ്രധാന കാരണം ഈ തോടുകളുടെ നീളവും ചുറ്റിക്കെട്ടുമാണ്.
രണ്ടര കിലോമീറ്റർ നീളമുള്ള ഏലത്തോട്, അതവസാനിക്കുന്ന സ്ഥലത്തുനിന്ന് മൂന്നുകിലോമീറ്റർ നീളമുള്ള വാഴാർതോട്, മൂന്നര കിലോമീറ്റർ നീളമുള്ള ആലുവാതോട് വഴികളിലൂടെയാണ് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് പോകുന്നത്.
ഈ തോടുകളിൽ കാടുംപടലും വളർന്നാൽ ഒഴുക്ക് നിലയ്ക്കും. രണ്ടുവർഷം മുൻപ് കർഷകരുടെ മുഴുവൻ കൃഷിയും വെള്ളക്കെട്ടിൽ നശിച്ചതാണ്. കഴിഞ്ഞവർഷം തോടുകൾ ശുചീകരിച്ചതിനാലാണ് കൃഷിയിറക്കാനായത്. കൊയ്ത്തിനുശേഷം പെയ്ത മഴയിൽ തോടുകൾ വീണ്ടും കാടുപിടിച്ചിട്ടുണ്ട്.
പരിഹാരം ബൗണ്ടറി തോട് മാത്രം
കാലങ്ങളായി പാറക്കടവ്, പൂവത്തുശ്ശേരി പാടശേഖരത്തിലെ കർഷകരും പാടശേഖരത്തോടുചേർന്ന് താമസിക്കുന്ന വീട്ടുകാരും വെള്ളക്കെട്ട് ഭീഷണിയിലാണ്. ഇതിന് പരിഹാരമായി ജില്ലാ അതിർത്തിയിൽ പുതുതായി ഒരു ബൗണ്ടറി തോട് നിർമിക്കണമെന്നാണ് ആവശ്യം. ഈ തോടിന് മൊത്തം 750 മീറ്റർ നീളം മതിയാകും.
എറണാകുളം, തൃശ്ശൂർ ജില്ലാ അതിർത്തിയിൽ പണ്ട് കൊതിക്കല്ലുകൾ സ്ഥാപിച്ചിട്ടുള്ള ആറടിപ്പാതയിലൂടെയാണ് ഈ തോട് നിർമിക്കേണ്ടത്. പാറക്കടവ്, കുഴൂർ പഞ്ചായത്തുകളുടെ അതിർത്തികൂടിയാണ് ഇത്. പാടശേഖരത്തിൽ ഏലത്തോടും വാഴാർതോടും സംഗമിക്കുന്ന സ്ഥലത്തുനിന്ന് തുടങ്ങി ചാലക്കുടിപ്പുഴയുടെ കൊച്ചുകടവ് കടത്തുകടവിലേക്ക് തോട് എത്തിക്കണം. തോടിന്റെ കുറച്ചുഭാഗം ആലുവ എരവത്തൂർ റോഡിന്റെ സൈഡിലൂടെ കടന്ന് റോഡ് മുറിച്ചു കടക്കേണ്ടതായും വരും. ഈ തോടുവഴി പാടശേഖരത്തിലെ മുഴുവൻ വെള്ളവും പെട്ടെന്ന് ഒഴിവാക്കാനാകുമെന്ന് കർഷകർ പറയുന്നു. ഇത് മൂന്നുപൂവ് കൃഷിയിറക്കാനും വഴിയൊരുക്കും. തോട് കുഴൂർ പഞ്ചായത്തിലെ കർഷകർക്കും ഗുണകരമാകും.
ഈ തോടിനുമുകളിൽ സ്ലാബ് ഇട്ടാൽ പാടശേഖരത്തേക്ക് പോകാനുള്ള വഴിയാകും. ഈ തോടിന് കൊച്ചുകടവ് കടത്തുകടവിൽ ഒരു ഷട്ടർകൂടി നിർമിച്ചാൽ വർഷകാലത്ത് ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് ഈ തോട്ടിലൂടെ പാടശേഖരത്തിലേക്ക് വെള്ളം തിരിച്ചുകയറുന്നത് തടയാനാകും.
ഇത് നെൽകൃഷിയുടെ പാടശേഖരം
പാറക്കടവ്-പൂവത്തുശ്ശേരി പാടശേഖരം നെൽകൃഷിക്കുമാത്രമായി സംരക്ഷിക്കുന്ന പാടശേഖരമാണ്. 500 ഏക്കറോളം വിസ്തൃതിയുണ്ട്. ഇതിൽ 250 ഏക്കറിൽ തുടർച്ചയായി നെൽകൃഷി ചെയ്യുന്നുണ്ട്. നല്ല ഉത്പാദന ശേഷിയുള്ള ഫലഭൂയിഷ്ടമായ പാടശേഖരമാണിത്. രണ്ട് നെല്ലുത്പാദക സമിതികളിലായി ഇരുന്നൂറോളം കർഷകരാണ് ഇവിടെ കൃഷിചെയ്യുന്നത്. 25 വര്ഷങ്ങൾക്കുമുന്പ് മൂന്നുപൂവ് കൃഷിചെയ്തിരുന്ന സ്ഥലമാണിത്.
വെള്ളക്കെട്ടുമൂലം ആ നല്ലകാലം നാടുനീങ്ങി. പാടത്തിലെ മൂന്ന് തോടുകളാണ് കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നത്. എന്നാൽ വർഷങ്ങളായി ഈ തോടുകൾ നന്നാക്കാത്തതുകാരണം നീരൊഴുക്ക് നിലച്ചു. പാടശേഖരം വെള്ളക്കെട്ടിലായി. കൃഷിനശിച്ച് കരഷകർ ദുരിതത്തിലായി. സമീപത്തുള്ള നൂറോളം വീടുകളിലും വെള്ളം കയറുന്നതും പതിവായി.
മാതൃഭൂമി ഇത് വാർത്തയായി അധികൃതർക്ക് മുന്നിലെത്തിച്ചു. കർഷകരും ജനപ്രതിനിധികളും ഒന്നിച്ചുനിന്നപ്പോൾ കഴിഞ്ഞവർഷം തോടുകൾ ശുചീകരിച്ചു.
അതോടെയാണ് കർഷകർക്ക് കൃഷിയിറക്കാനായത്. നല്ല വിളവും കിട്ടി. പൂർണമായും വെള്ളക്കെട്ടൊഴിഞ്ഞാൽ ഇവിടെ മൂന്നുപൂവ് കൃഷി ഇറക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു.