കാറിന്റെ ടയർ ഊരിത്തെറിച്ചു, അരൂക്കുറ്റി റോഡിൽ ഗതാഗതക്കുരുക്ക്

അരൂർ : യാത്രയ്ക്കിടെ കാറിന്റെ മുൻചക്രം ഊരിത്തെറിച്ചു. വേഗം കുറവായിരുന്നതിനാൽ അപകടമൊഴിവായി. എന്നാൽ ഇതോടെ അരൂർ - അരൂക്കുറ്റി റോഡാകെ കുരുങ്ങി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അരൂർ കിഴക്കുംഭാഗം എൻ.എസ്.എസ്. കരയോഗം ഓഫീസിന് സമീപത്തെ വളവിലായിരുന്നു സംഭവം.
വീതി കുറഞ്ഞ വളവുകളോടുകൂടിയതാണ് അരൂർ അമ്പലം ജങ്ഷനിൽ നിന്നും അരൂക്കുറ്റി പാലം വരെയുള്ള റോഡിന്റെ ഭാഗം. ഇതിനിടയിലായിരുന്നു ടയർ ഊരിത്തെറിച്ചതും.
ഇത് ശരിയാക്കി വാഹനം മാറ്റുന്നതുവരെ കനത്ത കുരുക്കാണ് റോഡിൽ അനുഭവപ്പെട്ടത്. ആയിരക്കണക്കിന് വാഹനങ്ങൾ നിത്യേനെ കടന്നുപോകുന്ന റോഡാണിത്. കാർ റോഡിൽ കിടന്നതോടെ ഒരുവരി ഗതാഗതം മാത്രമാണ് സാധ്യമായത്. ഇതോടെ റോഡിന്റെ ഇരുവശത്തേക്കും വാഹനനിര നീണ്ടു. മറ്റ് വാഹനയാത്രക്കാർ ഇറങ്ങിയാണ് ഗതാഗതം നിയന്ത്രിച്ചത്.