ആലുവ മാർത്താണ്ഡവർമ പാലത്തിൻെറ അറ്റകുറ്റപ്പണി പൂർത്തിയായി

ദേശം പാലത്തിൻെറ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനകം പൂർത്തിയാകും
ആലുവ : ആലുവ മാർത്താണ്ഡവർമ പഴയപാലം അറ്റകുറ്റപ്പണികൾ പൂർത്തിയായി. എട്ടുദിവസമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. പാലം വ്യാഴാഴ്ച തുറക്കും. രാവിലെ ആറുമണിമുതൽ പാലം ഗതാഗതത്തിന് സജ്ജമാകുമെന്ന് അൻവർ സാദത്ത് എം.എൽ.എ. അറിയിച്ചു.
10 ദിവസത്തെ അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് പാലം അടച്ചിരുന്നത്. ഇതോടൊപ്പം ദേശം പാലവും അടച്ചിരുന്നു. പണികൾ രണ്ടുദിവസം നേരത്തേ പൂർത്തിയായതിനെ തുടർന്നാണ് മാർത്താണ്ഡവർമ പാലം തുറക്കുവാൻ തീരുമാനിച്ചത്.
എ വൺ, പി വൺ, പി ടു, എ ടു, എന്നീ ഗർഡറുകൾ തമ്മിലുള്ള നാല് ജോയിന്റുകളിലും എക്സ്പാൻഷൻ ജോയിൻറുകൾ സ്ഥാപിച്ച് കോൺക്രീറ്റിങ് പൂർത്തിയാക്കി. അതിവേഗത്തിൽ സെറ്റാവുന്ന മൈക്രോ കോൺക്രീറ്റിങ് ആണ് ചെയ്തത്. ഇതിനിടയിൽ എക്സ്പാൻഷൻ ജോയിൻ്റുകൾക്കിടയിൽ റബ്ബർ ബുഷ് ഘടിപ്പിക്കലും പൂർത്തിയായി.
പാലത്തിന്റെ ഷോക്ക് അബ്സോർബറുകളിൽ ക്രീസിങ് ജോലികളും പൂർത്തിയാക്കി.
പാലം അടച്ചതോടെ ആലുവ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ആദ്യത്തെ ദിവസത്തെ കുരുക്കിനുശേഷം ആലുവ നഗരം വഴിയുള്ള യാത്ര ആളുകൾ ഉപേക്ഷിച്ചു. ഇതോടെ ആലുവ നഗരം പല സമയങ്ങളിലും കാലിയായിക്കിടക്കുന്ന കാഴ്ചയും ഉണ്ടായി.
പാലം വീണ്ടും ഗതാഗതത്തിന് തുറക്കുന്നതോടെ വലിയ രീതിയിൽ വാഹനങ്ങൾ വീണ്ടും എത്തും എന്നുതന്നെയാണ് കരുതുന്നത്.
ഇതോടൊപ്പം അറ്റകുറ്റപ്പണി നടത്തുന്ന ദേശം പാലത്തിന്റെ ജോലികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.