റോഡ് പൊളിച്ച് പൈപ്പിട്ടു; ടാറിടലിന് പകരം മണ്ണിട്ടുമൂടൽ

ഓടയ്ക്കാലി : മൂവാറ്റുപുഴ- പാണിയേലി റോഡിൽ ഓടയ്ക്കാലി മുതൽ കമ്പനിപ്പടി വരെയുള്ള 500 മീറ്റർ ദൂരത്തിൽ ജൽജീവൻ പദ്ധതിയുടെ പൈപ്പ് ഇടുന്നതിന്റെ പേരിൽ റോഡ് കുറുകേ വെട്ടിപ്പൊളിച്ചു. കമ്പനിപ്പടി ഭാഗത്ത് കട്ട വിരിച്ചത് ഇളക്കിമാറ്റിയിട്ടും റീ-ടാറിങ് നടത്തിയിട്ടില്ല.ഡ്രെയിനേജിന്റെ ഭാഗമായി നിർമിച്ച തോടിനോട് ചേർന്നാണ് പൈപ്പ് ഇടുന്നത്. അവിടെയുള്ള സംരക്ഷണഭിത്തി ഇപ്പോൾ അപകടാവസ്ഥയിലാണ്. പൈപ്പ് ഇട്ടശേഷം തോടിന് മുകളിൽ മണ്ണിട്ട് കൂനയായി വെച്ചിരിക്കുന്നത് വലിയ അപകടത്തിന് വഴിയൊരുക്കുകയാണ്.

പി.ഡബ്ല്യു.ഡി.യും കേരള വാട്ടർ അതോറിറ്റിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് റോഡ് പൊളിക്കുന്നതെങ്കിലും പണി കഴിഞ്ഞിട്ടും റോഡ് പൂർവസ്ഥിതിയിലാക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.ഇതിനിടെ കുറുപ്പംപടി-കൂട്ടിക്കൽ റോഡിൽ നെടുങ്ങപ്ര ജങ്ഷനിൽ മാസങ്ങൾക്ക് മുൻപ് ടോറസ് വാഹനത്തിന്റെ അമിതവേഗം മൂലം ഒരു വിദ്യാർഥി മരിച്ചിരുന്നു. അതിനുശേഷം നടത്തിയ അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ഈ വഴിയിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്.ഒട്ടേറെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഏറെ വഴിയാത്രക്കാർ ഉള്ളതുമായ റോഡിലൂടെ അമിതവേഗത്തിലാണ് ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പോകുന്നത്. പയ്യാൽ ഭാഗത്തുനിന്ന് ഓടയ്ക്കാലിയിലേക്ക് പോയ ടോറസിൽ നിന്ന് കരിങ്കല്ല് പനിച്ചയം കനാൽക്കവല ജങ്ഷനിൽ റോഡിലേക്ക് വീണു.പ്രദേശവാസികൾ വാഹനം തടയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു.വലിയ വാഹനങ്ങളുടെ അനിയന്ത്രിതമായ സഞ്ചാരം മൂലം ഓടയ്ക്കാലി- പനിച്ചയം റോഡിൽ പല ഭാഗത്തും കുഴികൾ രൂപപ്പെട്ടു തുടങ്ങി.

ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് കാനയ്ക്ക് മുകളിൽ മണ്ണിട്ട സ്ഥലം അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക, കട്ട ഇളക്കിയെടുത്തത് യഥാസ്ഥലങ്ങളിൽ വിരിക്കുക, അപകടകരമായവിധം പോകുന്ന ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അശമന്നൂർ പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. പ്രഭ, എൽദോ വർഗീസ്, ജെസ്‌ന അഷറഫ്, സനോഷ് സി. മത്തായി എന്നിവർ പി.ഡബ്ല്യു.ഡി. കുറുപ്പംപടി സെക്ഷൻ അസി. എൻജിനിയർക്ക് പരാതി നൽകി.