പെരുമാനിച്ചിറയുടെ അരികിടിഞ്ഞു; പുനരുദ്ധാരണത്തിന് 16 ലക്ഷം

പെരുമ്പാവൂർ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുവീണ വെങ്ങോല പഞ്ചായത്തിലെ പെരുമാനിച്ചിറ പുനരുദ്ധാരണത്തിന് 16 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കാൻ തീരുമാനം. പഞ്ചായത്ത് 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ആറ് ലക്ഷം രൂപയും ചെലവാക്കും. ചിറയുടെ സമീപത്തുകൂടിയുള്ള വഴിയുൾപ്പെടെയാണ് കനത്ത മഴയിൽ ഇടിഞ്ഞത്. പി.പി. തങ്കച്ചൻ എം.എൽ.എ. ആയിരുന്ന കാലഘട്ടത്തിൽ നടപ്പാക്കിയ പെരുമാനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ സ്രോതസ്സാണ് ജലാശയം. നൂറിലധികം കുടുംബങ്ങൾക്കും ഏക്കർ കണക്കിന് കൃഷി സ്ഥലങ്ങൾക്കും വെള്ളം ലഭിക്കുന്നത് ചിറയിൽ നിന്നാണ്.

2024-25 വർഷം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയുടെ നവീകരണത്തിന് കരാർ വർക്കുകൾ നടന്നുവെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മണ്ണുമാന്തിയന്ത്രം ഇറക്കിയപ്പോൾ ചിറയിലേയ്ക്കുള്ള റാമ്പുകൾ തകരുകയും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പണികൾ നിർത്തിവയ്ക്കുകയുമായിരുന്നു. മഴ തുടർന്നാൽ സമീപമുള്ള വീടുകൾക്കും മണ്ണിടിച്ചിൽ ഭീഷണിയാണ്.

മനോജ് മൂത്തേടൻ എം.എൽ.എ., തഹസിൽദാർ എം. മായ, പഞ്ചായത്ത് പ്രസിഡന്റ് ഷമീദ ഷെരീഫ്, വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്. സുമയ്യ, പഞ്ചായത്ത് അംഗം അനു പത്രോസ്, വില്ലേജ് ഓഫീസർ സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നടത്തിയ ചർച്ചയിലാണ് ഫണ്ട് അനുവദിക്കാൻ തീരുമാനമായത്. മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, കെ.എൻ. സുകുമാരൻ, പി.എ. കരിം, എം.എം. രവി, കെ.ടി. അവറാച്ചൻ, ആരിഫ് പെരുമാനി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.