ഗോതുരുത്ത് വള്ളംകളി: ഗരുഡനും പമ്പാവാസനും ജേതാക്കൾ

പറവൂർ : എൺപത്തിയൊൻപതാമത് ഗോതുരുത്ത് വള്ളംകളിയിൽ ഗരുഡനും പമ്പാവാസനും ജേതാക്കളായി. ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച വള്ളംകളിയിൽ എ ഗ്രേഡ് ഫൈനലിൽ ഈദെലിൻ ദിലിൻ കല്ലുങ്കൽ ക്യാപ്റ്റനായ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ ഗരുഡൻ ചാത്തേടം, ക്രിസ്തുരാജ ബോട്ട് ക്ലബ്ബിന്റെ താണിയനെയാണ് പരാജയപ്പെടുത്തിയത്. ബി ഗ്രേഡ് ഫൈനലിൽ മഞ്ഞനക്കാട് ബോട്ട് ക്ലബ്ബിന്റെ ചെറിയപണ്ഡിതനെയാണ് ഹരീഷ് ഇല്ലിക്കൽ ക്യാപ്റ്റനായ ബിബിസി ഇല്ലിക്കലിന്റെ പമ്പാവാസൻ തോൽപ്പിച്ചത്.

കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബാണ് വള്ളംകളി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഗോതുരുത്ത് വള്ളംകളിയിൽ 50 വർഷം പൂർത്തിയാക്കിയ താണിയൻ ദി ഗ്രേറ്റ് വള്ളത്തെ ആദരിച്ചു. ഉപഹാരം മുഖ്യമന്ത്രിയിൽനിന്ന് വള്ളത്തിന്റെ ഉടമകളായ ജോസി വെയിൽസ് താണിയത്ത്, ആൽബിൻ താണിയത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

എസ്.എസി. പ്രസിഡന്റ് ബെഞ്ചമിൻ കളത്തിൽ അധ്യക്ഷത വഹിച്ചു.

മൂത്തകുന്നം എച്ച്.എം.ഡി.പി. സഭാ പ്രസിഡന്റ് കെ.വി. അനന്തൻ പതാക ഉയർത്തി. ഫാ. ജോയ് തേലക്കാട്ട് ട്രാക്ക് ആശീർവദിച്ചു. മന്ത്രി ഒ.ജെ. ജനീഷ് ഫ്ളാഗ്ഓഫ് ചെയ്തു. ഹൈബി ഈഡൻ എം.പി., ഫാ. ജാക്സൻ വലിയപറമ്പിൽ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് വോളിബോൾ ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. ഹരിദാസ് (ചേന്ദമംഗലം), കെ.എസ്. സനീഷ് (വടക്കേക്കര), ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം എം.എ. നിത്യ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് വർഗീസ്, ഷിപ്പി സെബാസ്റ്റ്യൻ, ആൽറിൻ കെ. ജോബോയ്, ഷാലി ആന്റണി, വി.എസ്. ജയപ്രകാശ്, വള്ളംകളി കൺവീനർ അഭിയേൽ ഷാജൻ എന്നിവർ സംസാരിച്ചു. മുൻ എം.എൽ.എ. ഇ.ടി. ടൈസൺ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.