കണ്ണിമംഗലം-കടുകുളങ്ങര റോഡരികിലെ മുളങ്കാട് വെട്ടിത്തുടങ്ങി

അയ്യമ്പുഴ : ദൂരക്കാഴ്ച മറയ്ക്കുന്ന മുളങ്കാട് വെട്ടിത്തെളിക്കണമെന്ന കണ്ണിമംഗലം പ്രദേശവാസികളുടെ ആവശ്യം ഒടുവിൽ വനംവകുപ്പ് നടപ്പാക്കി. കഴിഞ്ഞദിവസം മുളവെട്ടൽ ആരംഭിച്ചു. കണ്ണിമംഗലം-കടുകുളങ്ങര റോഡിൽ ആനയിറങ്ങുന്നത് ഏറക്കുറെ പതിവാണ്. ആനകൾ ഇറങ്ങിയാൽ റോഡിന്റെ വശങ്ങളിൽ ഇല്ലി പടർന്നു നിൽക്കുന്നതിനാൽ കാണാനാകുമായിരുന്നില്ല. വാഹനങ്ങളിൽ വരുന്നവർ തൊട്ടടുത്തെത്തുമ്പോഴാണ് പലപ്പോഴും ആനകളെ കാണുക. ഇത് പലപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാരെ ആന ഓടിച്ച സംഭവങ്ങൾ നിരവധിയാണ്.

റോഡരികിൽ ചാഞ്ഞുനിൽക്കുന്ന മുളയും പടർന്നുകിടക്കുന്ന ഇല്ലിയും വെട്ടണമെന്ന് ഏറെ നാളുകളായി നാട്ടുകാർ വനംവകുപ്പിൽ ആവശ്യപ്പെടാൻ തുടങ്ങിയിട്ട്. പൂർണമായും വെട്ടിത്തെളിക്കാൻ കുറച്ചുദിവസമെടുക്കും. നേരത്തേ പാണ്ടുപാറ ഭാഗത്ത് ഇത്തരത്തിൽ മുള വെട്ടിമാറ്റിയിട്ടുണ്ട്. കണ്ണിമംഗലം ഭാഗത്ത് ആദ്യമാണ്. മുളയും ഇല്ലിയും വെട്ടിമാറ്റിക്കഴിയുമ്പോൾ ആനയോ മറ്റ് വന്യമൃഗങ്ങളോ റോഡിലേക്ക്‌ ഇറങ്ങിനിൽക്കുന്നുണ്ടെങ്കിൽ ദൂരെനിന്നും കാണാനാകുമെന്ന ഗുണം മാത്രമാണുള്ളതെന്നും ആനശല്യം ഒഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാലും റോഡരികിലെ കാട്‌ വെട്ടിപ്പോകുന്നത് വലിയ ആശ്വാസമാണ്.

പ്രദേശത്ത് റോഡരികിൽ തെരുവുവിളക്കുകൾ ഇല്ല എന്നതാണ് വലിയ ദുരിതമായി നാട്ടുകാർ പറയുന്നത്. അയ്യമ്പുഴ പഞ്ചായത്തിലെ 7, 9 വാർഡുകളുടെ പരിധിയിലാണ് പ്രദേശം വരുക. ആന നാട്ടിലേക്കിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ പലയിടത്തായി വൈദ്യുതവേലികൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒട്ടും ശാശ്വതമല്ല. കിടങ്ങുകൾ മാത്രമാണ് ശാശ്വത പരിഹാരം. എന്നാൽ, അതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കുന്നുമില്ല. അതിരപ്പിള്ളി ഭാഗത്തുനിന്നും സ്‌പെഷ്യൽ ഡ്രൈവിലൂടെ തുരത്തിവിടുന്ന ആനകൾ നേരേ എത്തുന്നത് ഈ ഭാഗത്തേക്കാണെന്ന് പ്രദേശവാസികൾ പറയുന്നു.