പ്രതിഷേധം: ദേശീയപാതയിൽ ഗതാഗതം തിരിച്ചുവിട്ടു

അരൂർ : ഡി.വൈ.എഫ്.ഐ. നേതാക്കളെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത ആലപ്പുഴ സൗത്ത് പോലീസിന്റെ നടപടിക്കെതിരേ അരൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എരമല്ലൂരിൽ ഞായറാഴ്ച വൈകീട്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് പത്ത് മിനിറ്റോളം ദേശീയപാതയിൽ ഒരുവശത്തേക്കുള്ള ഗതാഗതം എതിർദിശയിലെ പാതയിലൂടെ വഴിതിരിച്ചുവിടേണ്ടി വന്നു. ഇതേ തുടർന്ന് ഗതാഗത തടസ്സം ഉണ്ടാക്കിയതിന് ഇവരുടെ പേരിൽ അരൂർ പോലീസ് കേസെടുത്തു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് ആലപ്പുഴയിൽ ഡി.വൈ.എഫ്.എ. പ്രതിഷേധ മാർച്ച് നടത്തിയത്. ഇതിന് നേതൃത്വം നൽകിയ സംസ്ഥാന ട്രഷറർ രാഹുൽ, ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ അടക്കം ആറാളുകളുടെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എരമല്ലൂരിൽ നടന്ന സമരം ഡി.വൈ.എഫ്.ഐ. ആലപ്പുഴ ജില്ലാ ജോയിൻറ് സെക്രട്ടറി വി.കെ. സൂരജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.എസ്. അഖിൽ അധ്യക്ഷത വഹിച്ചു. ജെ.എ. ജയകൃഷ്ണൻ, ധനേഷ് ദാസ്, ബി. അഭിജിത്ത്, അർജുൻ സി., രാഹുൽ ബാബു എന്നിവർ പ്രസംഗിച്ചു.