വിവാഹത്തിന് യോഗി ആദിത്യനാഥിനെ ക്ഷണിച്ച് അരുന്ധതിയും രാഹുലും

ആലുവ : വിവാഹത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിച്ച് യുവതിയും യുവാവും. ഡിസംബർ 20-ന് ദേശത്തെ ഗ്രീൻ പാർക്ക് കൺവെൻഷൻ സെൻററിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കണമെന്ന് ക്ഷണിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ എഴുതിയ കത്താണ് യോഗി ആദിത്യനാഥിന് ആലുവ കുന്നുകര വയൽക്കര സ്വദേശിനി അരുന്ധതിയും കൊട്ടാരക്കര സ്വദേശി രാഹുലും അയച്ചത്. കത്ത് കിട്ടിയ വിവരം ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ജീവിതത്തിൽ സ്വാധീനിച്ച വ്യക്തി എന്നനിലയിലാണ് യോഗി ആദിത്യനാഥിനെ വിവാഹത്തിന് ക്ഷണിച്ചതെന്ന് അരുന്ധതി പറഞ്ഞു. തന്റെ ജീവിതത്തിൽ യോഗി ആദിത്യനാഥിന് സവിശേഷമായ സ്ഥാനം ലഭിച്ചതിനെപ്പറ്റി യുവതി കത്തിൽ പറയുന്നുണ്ട്. കുട്ടിക്കാലത്ത് എന്തെങ്കിലും വേദന ഉണ്ടാകുമ്പോഴും ഏതെങ്കിലും കാര്യം മനസ്സിനെ സ്പർശിക്കുമ്പോഴും താൻ കരയുമായിരുന്നു. വികാരാധീന ആകുന്നത് ഒരു ബലഹീനതയാണ് എന്നാണ് എല്ലാവരും തന്നോട് പറഞ്ഞിരുന്നത്. ഒരുദിവസം ബന്ധു യോഗിയുടെ ഒരു വീഡിയോ കാണിച്ചു. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനിടയിൽ യോഗി വികാരാധീനനായി കരയുന്ന വീഡിയോ ആണ് കാണിച്ചത്. വികാരത്തിന് അടിമപ്പെട്ട് കരയുന്നത് ഒരാളെ ദുർബലനാക്കുന്നില്ല എന്ന് താൻ ആദ്യമായി തിരിച്ചറിഞ്ഞത് അപ്പോഴാണെന്ന് കത്തിൽ പറയുന്നു. വിവാഹ ക്ഷണക്കത്തും ഇതിനോടൊപ്പം യുവതി യോഗിക്ക് അയച്ചു.

ഒരാഴ്ച മുൻപാണ് കത്തയച്ചതെന്നും മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും അരുന്ധതി പറഞ്ഞു. എഴുതിയ കത്ത് യോഗി ആദിത്യനാഥ് വായിച്ച സന്തോഷത്തിലാണ് അരുന്ധതിയും രാഹുലും.