ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി

കോലഞ്ചേരി : ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിന് ബാവ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ കൊടിയേറ്റി.

ഡോ. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത, യാക്കോബായ സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വൈദികർ, വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൊടിയേറ്റിന് മുന്നോടിയായി കാലംചെയ്ത ശ്രേഷ്ഠ ബാവയുടെ മാതൃഇടവകയായ പുത്തൻകുരിശ് സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് ഇടവകാംഗങ്ങൾ കാൽനടയായി പാത്രിയർക്കാ സെന്ററിലെത്തി ബാവയുടെ കബറിങ്കൽ പാച്ചോർനേർച്ച സമർപ്പിച്ചു. തുടർന്ന് സന്ധ്യാപ്രാർഥനയും നടന്നു.

രാവിലെനടന്ന വിശുദ്ധ കുർബാനയ്ക്ക് എബ്രഹാം മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത മുഖ്യകാർമികനായി. ചൊവ്വാഴ്ച രാവിലെ ഏഴിന് മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്തയും ബുധനാഴ്ച രാവിലെ ഏഴിന് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയും വ്യാഴാഴ്ച ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും വിശുദ്ധ കുർബാന അർപ്പിക്കും. വൈകീട്ട് ആറിന് സന്ധ്യാപ്രാർഥനയും നടക്കും.

വെള്ളിയാഴ്ച രാവിലെ ഏഴിന് ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. വൈകീട്ട് ആറിന് വിവിധ മേഖലകളിൽ നിന്നുള്ള കാൽനട തീർഥയാത്രകൾ കബറിങ്കലിൽ എത്തും.

മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് ഡിജിറ്റൽ മ്യൂസിയത്തിന്റെ കൂദാശയും സമർപ്പണവും 6.15-ന് ശ്രേഷ്ഠബാവ നിർവഹിക്കും. 6.30-ന് ശ്രേഷ്ഠബാവയുടെ പ്രധാന കാർമികത്വത്തിൽ സന്ധ്യാപ്രാർഥന നടക്കും. തുടർന്ന് നേർച്ചസദ്യ.