മാലിന്യം ഇപ്പോഴും പടിക്കകത്തുതന്നെ

കരുമാല്ലൂർ : മാലിന്യം പഞ്ചായത്തിന്റെ പടിക്കുപുറത്ത് എന്ന ലക്ഷ്യത്തോടെ പദ്ധതികൾ പലതും ആസൂത്രണംചെയ്യുന്നുണ്ടെങ്കിലും കരുമാല്ലൂർ പഞ്ചായത്തിൽ ഇപ്പോഴും മാലിന്യം പടിക്കകത്തുതന്നെ. വഴിയോരങ്ങളും ഒഴിഞ്ഞ പറമ്പുകളും ലക്ഷ്യംവെച്ച് ഇവിടെ മാലിന്യം തള്ളൽ തകൃതിയായാണ് നടക്കുന്നത്.

വീടുകളിൽനിന്നും ഭക്ഷണാവശിഷ്ടങ്ങൾ ചെറിയ കവറുകളിലാക്കി വലിച്ചെറിഞ്ഞിടുന്ന രീതിക്ക് ഇപ്പോൾ ഏറെ കുറവുവന്നിട്ടുണ്ട്. പക്ഷേ, പുറമേ നിന്നുള്ളവർ മാലിന്യം തള്ളുന്നത് കൂടുതലായി. ഹോട്ടലുകളിൽനിന്നും പച്ചക്കറിക്കടകളിൽനിന്നെല്ലാം അവശിഷ്ടങ്ങൾ വണ്ടികളിലാക്കികൊണ്ടുവന്നാണ് ഇവിടെ തള്ളുന്നത്.

കരുമാല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽപ്പെട്ട നടുവിലത്തട്ട് മാഞ്ഞാലിക്കടവ് റോഡിൽ ഒരു ലോഡ് മാലിന്യമാണ് കഴിഞ്ഞദിവസം രാത്രിയുടെ മറവിൽ കൊണ്ടുവന്നിട്ടിരിക്കുന്നത്.

റോഡരികിലുള്ള വാഴത്തോട്ടത്തിൽ അതെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ശക്തമായ മഴയായതിനാൽ വെള്ളത്തിലേക്ക് ഒലിച്ചിറങ്ങുന്നുമുണ്ട്. മൂക്കുപൊത്താതെ ഇതിലൂടെ നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. പെരിയാറിന്റെ തീരംപിടിച്ചുള്ള ഈ റോഡ് പ്രഭാതസവാരിക്കാരുടെ ഒരു ഇഷ്ടപ്രദേശമാണ്. പക്ഷേ, ഇപ്പോൾ ഇവിടുത്തെ സ്ഥിതി ഏറെ മോശമാണ്.

വീടുകൾ അധികമില്ലാത്ത പ്രദേശമായതിനാൽ ഇവിടെ എന്തുനടന്നാലും പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിൽപ്പെടില്ല. അതുതന്നെയാണ് മാലിന്യമാഫിയയ്ക്ക് സഹാകമാകുന്നത്. പച്ചക്കറിക്കടകളിലെ അഴുകിയ സാധനങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചിക്കടകളിലെ അവശിഷ്ടങ്ങൾവരെ ഇവിടെ കൊണ്ടുവന്നിടുന്നുണ്ട്.

ഞായറാഴ്ച രാത്രി കാറ്ററിങ് സർവീസുകാർ ബാക്കിവരുന്ന സാധനങ്ങളെല്ലാം ഇവിടെയാണ് കൊണ്ടുവന്നിടുന്നത്. അത് ചീഞ്ഞളിഞ്ഞ് ഒരാഴ്ചയോളം പ്രദേശത്ത് ദുർഗന്ധമായിരിക്കും. ഇത് ഭക്ഷിക്കാൻ പലയിടങ്ങളിൽനിന്നും തെരുവുനായകൾ ഇവിടെയെത്തി തമ്പടിച്ചിരിക്കുകയാണ്. അതുകൊണ്ട് വഴിയാത്രക്കാർക്ക് ഇതിലെ തനിച്ചുപോകാൻ ഭയമാണ്‌. സ്കൂൾ കുട്ടികൾ ഈ റോഡിലൂടെയുള്ള യാത്ര നിർത്തി.

വെളിയത്തുനാട് സെറ്റിൽമെന്റ് റോഡിലും ഇതുതന്നെയാണ് അവസ്ഥ. പാടശേഖരത്തോടുചേർന്നുള്ള വിജനമായ പ്രദേശത്ത് മാലിന്യച്ചാക്കുകൾ കൊണ്ടുവന്നിടുകയാണ്. കഴിഞ്ഞദിവസം സന്നദ്ധസംഘടനകൾ ഇവിടെ പലയിടത്തും ശുചീകരണം നടത്തിയിരുന്നതുകൊണ്ട് ദുർഗന്ധത്തിന് ഒരാശ്വാസമുണ്ട്.

പെരിയാറിലേക്കും മാലിന്യമൊഴുക്കുന്നു

പുഴയുടെ തീരത്തുള്ള റോഡായതിനാൽ വണ്ടിയിൽ കൊണ്ടുവരുന്ന മാലിന്യം പെരിയാറിലേക്കും തള്ളുന്നുണ്ട്. അറവുമാലിന്യം രാത്രിയിലാണ് പുഴയിലേക്കൊഴുക്കുന്നത്. മാഞ്ഞാലി പാലത്തിനുമുകളിൽനിന്നെല്ലാം മാലിന്യം പുഴയിലേക്കിടുന്നുണ്ട്. പുഴയോരത്തും പാലത്തിന്റെ മുകളിലും അതിന്റെ അവശിഷ്ടങ്ങൾ കാണാൻകഴിയും.

​ക്യാമറകൾ സ്ഥാപിക്കണം

മാലിന്യം പൊതുയിടങ്ങളിൽ തള്ളുന്നവരെ കണ്ടെത്തി ഫോട്ടോയെടുത്തുകൊടുത്താൽ അവരിൽനിന്നും പിഴയീടാക്കുകയും വിവരം നൽകിയവർക്ക് പാരിതോഷികം കൊടുക്കുന്ന സംവിധാനമൊക്കെയുണ്ടെങ്കിലും അതൊന്നും നടക്കാറില്ല. മാലിന്യമാഫിയയെ ഭയന്ന് ആരും അവരുടെ പിന്നാലെ പോകാറില്ല.

പഞ്ചായത്ത് ഈ പ്രദേശങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ആളെ കണ്ടെത്തുന്നതുമാത്രമേ പ്രായോഗികമാവുകയുള്ളൂ.