11 വർഷത്തെ വിശ്വസ്ത സേവനം കൊച്ചി സിറ്റി പോലീസിന്റെ സ്നിഫർ ഡോഗ് 'ലേഖ' വിരമിച്ചു

ഹിൽപ്പാലസ് : നീണ്ട 11 വർഷത്തെ വിശ്വസ്തവും സ്തുത്യർഹവുമായ സേവനത്തിന് ശേഷം കൊച്ചി സിറ്റി പോലീസിലെ സ്നിഫർ ഡോഗ് 'ലേഖ' ഔദ്യോഗികമായി വിരമിച്ചു. പ്രായധിക്യത്തെത്തുടർന്ന് ഹിൽപ്പാലസിലെ കെ9 ഡോഗ് സ്‌ക്വാഡിൽ നിന്ന് വിരമിച്ച ബോബി എന്ന് വിളിപ്പേരുള്ള ലേഖയ്ക്ക് സ്നേഹാദരങ്ങളോടെയാണ് യാത്രാമംഗളങ്ങൾ നേർന്നത്. തൃശ്ശൂർ കേരള പോലീസ് അക്കാദമിയിലെ നായ്ക്കൾക്കായുള്ള വിശ്രമകേന്ദ്രമായ ‘വിശ്രാന്തി’യിലാണ് ഇനി ലേഖയുടെ വിശ്രമജീവിതം. ഞായറാഴ്ച ലേഖയെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി. വി.വി.ഐ.പി.കളുടെ സുരക്ഷാ പരിശോധനകളിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള എക്സ്പ്ലോസീവ് ഡിറ്റക്ഷൻ വിഭാഗത്തിൽപ്പെട്ട ലാബ്രഡോർ ഇനം നായയാണ് ലേഖ.

എറണാകുളത്തും സമീപ ജില്ലകളിലുമായി നടന്ന നിരവധി ബോംബ് പരിശോധനകളിലും മറ്റ് സുരക്ഷാ ദൗത്യങ്ങളിലും ലേഖയുടെ സേവനം ശ്രദ്ധേയമായിരുന്നു. മൂന്നു മാസം പ്രായമുള്ളപ്പോഴാണ് വൈറ്റില സ്വദേശിയിൽ നിന്ന് ലേഖ കൊച്ചി സിറ്റി പോലീസിന്റെ ഭാഗമാകുന്നത്. അഞ്ചാം മാസത്തിൽ തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ ഒൻപതു മാസത്തെ പരിശീലനം പൂർത്തിയാക്കി. തുടർന്ന് 2016 മാർച്ച് മുതൽ കൊച്ചി സിറ്റി പോലീസിന് കീഴിലുള്ള ഹിൽപ്പാലസിലെ കെ9 ഡോഗ് സ്‌ക്വാഡിൽ സേവനം ആരംഭിച്ചു.

ഹിൽപ്പാലസിൽ കെ 9 ഡോഗ് സ്ക്വാഡ് ക്യാമ്പിൽ നടന്ന വിരമിക്കൽ ചടങ്ങിൽ കൊച്ചി സിറ്റി ഡി.എച്ച്.ക്യു. കമൻഡാന്റ് വി. സുരേഷ് ബാബു ലേഖയെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ9 ഡോഗ് സ്ക്വാഡിലെ സഹപ്രവർത്തകരായ മറ്റ് സേനാനായകൾ ലേഖയ്ക്ക് ഔദ്യോഗിക സല്യൂട്ട് നൽകി. കെ.എ.പി. 1 അസിസ്‌റ്റന്റ് കമൻഡാന്റ് റോയി, ഡി.എച്ച്.ക്യു. ഇൻസ്പെക്ടർ ശ്രീകുമാർ, ലേഖയുടെ ഹാൻ‍ഡ്‌ലർമാരായ പി.ആർ. റിജു, നിഖിൽ സേവ്യർ തുടങ്ങിയവരും പങ്കെടുത്തു.