ബ്ലാവന പാലം യാഥാർഥ്യത്തിലേക്ക്

കോതമംഗലം : പതിറ്റാണ്ടുകളുടെ ആവശ്യത്തിന് വിരാമമിട്ട് കല്ലേലിമേട് പ്രദേശത്തേക്കുള്ള ബ്ലാവന പാലം യാഥാർഥ്യമാകുന്നു. കുട്ടംപുഴ പഞ്ചായത്തിലെ കല്ലേലിമേട് ഗ്രാമം, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഊരുകളിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. വനാന്തരത്തിൽ 1500-ഓളം പേർ താമസിക്കുന്ന പ്രദേശത്തേക്കുള്ള ഗതാഗത സൗകര്യം സുഗമമാക്കുന്നതാണ് പൂയംകുട്ടി പുഴയിൽ പാലം നിർമാണത്തിലൂടെ സാധ്യമാകുന്നത്. ഇതുസംബന്ധിച്ച് ഷിബു തെക്കുംപുറം എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാലത്തിന്റെ അലൈൻമെന്റ് തയ്യാറാക്കി. രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയുന്ന തരത്തിൽ ആറ് മീറ്റർ വീതിയിലാണ് പാലം നിർമിക്കുക. പാലം നിർമിക്കുന്നതിനാവശ്യമായ വനഭൂമി ലഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കും.  കുട്ടംപുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കാന്തി വെള്ളക്കയ്യൻ, ലിസി സൈമൺ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ചിഞ്ജു എബ്രഹാം, പഞ്ചായത്ത് മെംബർമാരായ ശ്രീജിത്ത് ശിവൻ, റോബിൻ സാബു, കുട്ടംപുഴ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി പൊട്ടയ്ക്കൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ ശാലി അഗസ്റ്റ്യൻ, സാം ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.