തുരുമ്പെടുത്ത് കൈവരി, തുള വീണ് ഷീറ്റ്; കാളച്ചാൽ പാലം ഇനി എത്രനാൾ?

ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ച്
അപകടാവസ്ഥയിലായ കാളച്ചാൽ തോടിന് കുറുകെയുള്ള ഇരുമ്പുപാലം
ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ച് അപകടാവസ്ഥയിലായ കാളച്ചാൽ തോടിന് കുറുകെയുള്ള ഇരുമ്പുപാലം

കാക്കനാട്: ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ച് വലിയ തുളകൾ... കൈവരികൾ തുരുമ്പെടുത്ത് തകർച്ചയുടെ വക്കിൽ... ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് തൃക്കാക്കര നഗരസഭയിലെ തുതിയൂർ-പാലച്ചുവടിലുള്ള കാളച്ചാൽ തോടിന് കുറുകെയുള്ള താത്കാലിക ഇരുമ്പുപാലം. വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ദിവസവും ആശ്രയിക്കുന്ന പാലത്തിന്റെ ശോചനീയാവസ്ഥ യാത്രക്കാരിൽ ആശങ്കയുയർത്തുന്നു.

നഗരസഭയുടെ 13-ാം വാർഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിലെ ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ച് വലിയ തുളകൾ രൂപപ്പെട്ടിട്ടുണ്ട്. കൈവരികളും തുരുമ്പെടുത്ത് നശിച്ചു. പാലത്തിലൂടെയുള്ള യാത്ര അപകടസാധ്യതയുള്ളതാണെങ്കിലും പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും ഇതല്ലാതെ മറ്റൊരു മാർഗമില്ലാത്ത സ്ഥിതിയാണ്.

ചെറുവാഹനങ്ങളും പാലത്തെ ആശ്രയിക്കുന്നുണ്ട്. പാലച്ചുവട് ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ തുതിയൂരിലേക്കും സീപോർട്ട്–എയർപോർട്ട് റോഡ്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാനുള്ള പ്രധാന ബദൽ മാർഗം കൂടിയാണിത്.

അപകടാവസ്ഥയിലായ പാലം സി.പി.എം. ലോക്കൽ സെക്രട്ടറി സി.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ദ്രവിച്ച ഇരുമ്പുപാലത്തിന് പകരം വീതി കൂട്ടി പുതിയ കോൺക്രീറ്റ് പാലമോ കലുങ്കോ നിർമിച്ച് ഗതാഗതസൗകര്യം ഒരുക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ജി. വേണുഗോപാൽ, പി.ആർ. അജിത്, ബ്രാഞ്ച് സെക്രട്ടറി കെ.പി. റഫീക്ക്, പി.എം. സാഹിദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlights: Commuters and students face danger as the temporary iron bridge across the Kalachal canal in Thrikkakara municipality remains in a dilapidated condition.